തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളുടെ പഠനസമയമാറ്റം അംഗീകരിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുസര്‍ക്കാരിന്റെയും അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല. സര്‍ക്കാരിന്റെ താല്പര്യം ചര്‍ച്ചകള്‍ ഇല്ലാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള സമസ്ത അടക്കമുള്ള സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. വിഷയത്തില്‍ സമസ്തയ്ക്കൊപ്പം നിലപാട് കടുപ്പിക്കും. ആലോചനയില്ലാതെ എടുത്തുചാടി പരിഷ്കരണത്തിന് തുനിഞ്ഞാല്‍ ദോഷം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സ്കൂളുകളിലെ സമയക്രമം പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമസ്തയും രംഗത്തെത്തിയിരുന്നു. സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നത് വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ സാരമായി ബാധിക്കുമെന്നായിരുന്നു സമസ്തയുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂള്‍ സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് ഒരു മണി വരെ ആക്കണമെന്നായിരുന്നു ഡോ. എം എ ഖാദര്‍ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റിയ സമയം രാവിലെയാണെന്നും ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്.