പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ നടപടികൾ വീഡിയോ ആയി ചിത്രീകരിക്കണം എന്ന മധുവിന്റെ അമ്മയുടെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിഭാഗം വിചാരണ നടപടികൾ അനാവശ്യമായി തടസ്സപ്പെടുത്തുന്ന സാഹചര്യമുള്ളതിനാൽ വിചാരണ വീഡിയോ ആയി പകർത്തണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറയുക.
വിചാരണ വേളയിൽ കൂറുമാറിയ 36-ാം സാക്ഷിയായ അബ്ദുൾ ലത്തീഫ് ഉൾപ്പെടുന്ന വീഡിയോ ദൃശ്യം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയും കോടതി ഇതോടൊപ്പം പരിഗണിക്കും. വിചാരണ വേളയിൽ കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യത്തിലുള്ലത് താനാണ് എന്നത് ലത്തീഫ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാളുടെ പാസ്പോർട്ടിലെ ഫോട്ടോയും വീഡിയോ ദൃശ്യവും ആധികാരികതയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധുവിന്റെ അമ്മ മല്ലിയെ കേസിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യംതേടി ഒന്നാംപ്രതി പാലക്കാട് കുമരംപുത്തൂർ സ്വദേശി ആർ.വി. അബ്ബാസ് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ മണ്ണാർക്കാട് സ്പെഷ്യൽ കോടതിയും അബ്ബാസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് പരിഗണിച്ചത്. പട്ടിക വിഭാഗക്കാർക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്ന നിയമത്തിലെ സെക്ഷൻ 18 പ്രകാരം ഇത്തരം കേസുകളിൽ മുൻകൂർജാമ്യം നൽകുന്നതിന് വിലക്കുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മധുവധക്കേസിലെ പ്രോസിക്യൂഷൻ സാക്ഷികൾ നിരന്തരം കൂറുമാറുന്ന സാഹചര്യവും വിശദീകരിച്ചു. തുടർന്നാണ് ഹർജി തള്ളിയത്.