ന്യൂഡൽഹി :പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യ്ക്കും അനുബന്ധ സംഘടനകൾക്കുമായി അക്കൗണ്ട് മാർഗം മാത്രംവിദേശത്തുനിന്ന് എത്തിയത് 120 കോടി. വിദേശത്തുനിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് സംഘടനാനേതാക്കൾക്കു ലഭിച്ചത്. ഖത്തർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് പണം അയച്ച ചിലർക്ക് സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നേരിട്ടു ബന്ധമുള്ളതായി അന്വേഷണ ഏജൻസികൾക്ക് തെളിവുകിട്ടിയിട്ടുണ്ട് .
കണ്ണൂർ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറിൽ നിന്ന് എൻആർഐ അക്കൗണ്ട് വഴി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിന് 21 ലക്ഷംവും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും 16 ലക്ഷം നൽകിയത് അയാൽ സമ്മതിച്ചിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്ഐ നേതാക്കൾ ചോദ്യം ചെയ്യലിൽ പറയുന്നത്. കസ്റ്റഡിയിൽ ലഭിച്ച നേതാക്കളെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഇതിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. എൻഐഎ അറസ്റ്റ് ചെയ്ത 18 പേർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയത്.പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ, സ്ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ പ്രവൃത്തികൾ ജനമനസ്സിൽ ഭീതി വിതച്ചതായി കുറ്റപത്രത്തിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താനും ഇവർ ശ്രമിച്ചു. തീവ്രവാദ പ്രവർത്തനത്തിനു യുവാക്കളെ സജ്ജരാക്കാൻ ആയുധ പരിശീലന ക്യാംപുകൾ സംഘടിപ്പിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ ജിഹാദ് നടത്തി ഇസ്ലാമികരാഷ്ട്രമാക്കാനായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ നീക്കമെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിൽ നിന്നുള്ള 30,000 പേർക്ക് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ പരിശീലനം നൽകി.
പോപ്പുലർ ഫ്രണ്ടിന്റെ താലിബാൻ മാതൃകയിലുള്ള മതമൗലികവാദത്തിന് തെളിവ് ലഭിച്ചതായും കോടതിയെ എൻഐഎ അറിയിച്ചു. രാജ്യത്തെ യുവാക്കളെ അൽഖ്വയ്ദ, ലഷ്‌കർ ഇ തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള ഭീകര സംഘടനകളിൽ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിനും നേതാക്കൾ പ്രേരിപ്പിച്ചെന്ന് എൻഐഎ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ടിന് ഭീകരവാദ ബന്ധമുണ്ട്. ഇതര മതവിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്താൻ നേതാക്കൾ ശ്രമിച്ചു.
കേരളത്തിലെ പ്രത്യേക സമുദായ നേതാക്കളെ ഇവർ ലക്ഷ്യമിട്ടു. ഇവരുടെ ഹിറ്റ്ലിസ്റ്റ് സംഘടന തയാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. വർഗീയ സംഘർഷത്തിലൂടെ സംസ്ഥാനം ചോരക്കളമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ലക്ഷ്യമിട്ട് കേരളത്തിലെ നേതാക്കളും പ്രവർത്തകരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. താലിബാനെ അനുകരിച്ച് നിരോധിത സംഘടനയായ സിമിയുടെ ആശയങ്ങളാണ് പോപ്പുലർ ഫ്രണ്ട് പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും. സിമിയുടെ നേതാക്കൾ കൂട്ടത്തോടെ പോപ്പുലർ ഫ്രണ്ടിലേക്കു ചേക്കേറുകയായിരുന്നു. ഓരോ നേതാവും സിമിയിൽ വഹിച്ചിരുന്ന തസ്തികയും കാലയളവും എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളിൽ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാൻ ഇവർ ശ്രമിച്ചെന്ന പരാമർശവും റിമാൻഡ് റിപ്പോർട്ടിലുണ്ട്. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് 14 പ്രതികളാണുള്ളത്. ഇതിൽ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് സംഘടന തന്നെയാണ്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് മറ്റ് പ്രതികൾ. കേസിലെ മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് എന്നിവരെ പിടികൂടാനുണ്ട്. ഇവരാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. നിരവധി രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയ രേഖകൾ ആണ് പിടിച്ചെടുത്തിട്ടുള്ളത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഭീകര സംഘടനകളുമായുള്ള ബന്ധവും ഈ രേഖകളിൽ നിന്നും വ്യക്തമാണ്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവരുടെ ആശയവിനിമയം എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ധാരാളമുണ്ട്. ഡിജിറ്റൽ തെളിവുകൾ തിരുവനന്തപുരം സി ഡാക്കിൽ പരിശോധിക്കും. കൂടുതൽ അറസ്റ്റ് ഉണ്ടാകും. അതുകൊണ്ട് പ്രതികൾക്ക് ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു.