തിരുവനന്തപുരം : കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍. വി.സിക്ക് അയച്ച കത്തിലാണ് ഗവര്‍ണര്‍ ഈ ആവശ്യമുന്നയിച്ചത്. വി.സി മഹാദേവന് പിള്ളയുടെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കാനിരിക്കുകയാണ്. അതിനിടെയാണ് നിയമസഭ ഒരു ബില്ല് പാസാക്കി ഒപ്പിടാനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച്. വി.സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍നിന്ന് അഞ്ചാക്കുന്നതാണ് ബില്ല്.
ഇത് പരിഗണിക്കാതെയാണ് ഗവര്‍ണര്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഇന്ന് തന്നെ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രതിനിധിയെ നല്കാന് കഴിയില്ലെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.