വൈക്കം : സ്ത്രീ ശാക്തികരണം പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി. സ്ത്രീകളുടെ പ്രശ്നം സമൂഹത്തിന്റെ പ്രശ്നമായി കാണാൻ കഴിയണം. കോടതികളിൽനിന്ന് പോലും പലപ്പോഴും സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ല എന്നത് അപകടകരമായ അവസ്ഥയാണെന്നും അവർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ രാജ്യത്ത് മാറിമാറിവന്ന ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ല.
രാജ്യത്തെ സ്ത്രീകളുടെ ജീവിതനിലവാരമോ ജീവിത സാഹചര്യങ്ങളോ മെച്ചപ്പെടുത്തുന്നതിന് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് ഒരു ഇടപെടലും നടത്താൻ കഴിഞ്ഞില്ലയെന്നും അവർ പറഞ്ഞു . മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് സ്ത്രീപക്ഷ നവകേരളം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സെമിനാറിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി കെ ഹരികുമാർ,സിപിഐഎം വൈക്കം ഏരിയ സെക്രട്ടറി കെ അരുണൻ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കവിതാ റെജി, ഉഷ വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ഗിരിജാ ബിജു, രഞ്ജുഷ ഷാജി, അഡ്വ രാജി പി ജോയ്, ബിന്ദു തങ്കപ്പൻ, എം വൈ ജയകുമാരി, മല്ലിക രമേശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്ജുകുട്ടി സ്വാഗതവും ഏരിയ സെക്രട്ടറി ബിന്ദു അജി നന്ദിയും പറഞ്ഞു.