തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവി തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണക്കുമെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളരെ പരിചയസമ്പന്നനായ, അനുഭവസമ്പത്തുള്ള കോണ്‍ഗ്രസ് നേതാവാണ് ഖാര്‍ഗെ. അസംബ്ലിയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അദ്ദേഹം തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ളതുമാണെന്ന് സതീശന് ചൂണ്ടിക്കാട്ടി.
കൂടാതെ, ദലിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ പ്രസിഡന്റ് ആകുന്ന അഭിമാനകരമായ നിമിഷത്തിന് വേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും സതീശന് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചിച്ചാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്.അതിനാല്‍ തന്നെ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും സതീശന് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ ശശി തരൂര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. സിപിഎമ്മിലോ ബിജെപിയിലോ ഇത്തരം മത്സരങ്ങള്‍ നടക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.