കണ്ണൂർ: ആളിക്കത്തുന്ന വികാരത്തെ കണ്ണീരിന്റെ മറകൊണ്ട് മറച്ചു പിടിച്ച് കേരളം പ്രിയ സഖാവിന് വിട നൽകി. കണ്ണീരണിഞ്ഞ കേരളത്തിന്റെ കരളിൽ കനലായി ഒടുവിൽ സഖാവ് എരിഞ്ഞ് തീർന്നു. പയ്യാമ്പലത്ത് പ്രിയ സഖാക്കളുടെ മധ്യത്തിൽ കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിയും, ജനകീയനായ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കൊടിയേരി ബാലകൃഷ്ണൻ ഒരു കനലായി മാറി. നെഞ്ചിൽ എരിയുന്ന നെരിപ്പോടായി.
കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ചെന്നൈയിൽ മരിച്ച കൊടിയേരി ബാലകൃഷ്ണൻ നാട് സമുചിതമായ യാത്രയയപ്പാണ് നൽകിയത്. ആദ്യം കൊടിയേരിയിലെ വീട്ടിലും, പിന്നീട് പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്മാരകത്തിലും ഇദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്ന് , മൃതദേഹം ആംബുലൻസിൽ വിലാപ യാത്രയായി പയ്യാമ്പലത്തേയ്ക്കു നീങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിണറായി വിജയനും പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ നേതാക്കളും അടക്കമുള്ളവർ ഇവിടെ കാൽനടയായാണ് എത്തിയത്. ജനലക്ഷങ്ങൾ ഈ വിലാപ യാത്രയെ അകമ്പടി സേവിച്ചു. പയ്യാമ്പലത്തെ സംസ്കാര സ്ഥലത്തേയ്ക്ക് പ്രമുഖ നേതാക്കൾക്ക് മാത്രമായിരുന്നു പ്രവേശനം ഇവിടെ പൊലീസ് സേനയുടെ ഒദ്യോഗിക ബഹുമതി നൽകി. പ്രവർത്തകരുടെ ദുഖാർത്തമായ കണ്ഠത്തിൽ നിന്നുയർന്ന മുദ്രാവാക്യം വിളികൾക്കിടയിൽ പ്രിയ സഖാവ് പിണറായി വിജയനും നേതാക്കളും ചേർന്ന് കൊടിയേരിയെ ചെങ്കൊടി പുതപ്പിച്ചു.
ജീവിതത്തിൽ നെഞ്ചോട് ചേർത്ത ചെങ്കൊടിയിൽ മുഖം പൂർണമായും മൂടിയതോടെ ജീവിതത്തിലും മരണത്തിലും ചെങ്കൊടി മുറുകെപിടിച്ചായി കൊടിയേരിയുടെ യാത്ര. ഇതിനു ശേഷം മൃതദേഹത്തിൽ നിന്നും ചെങ്കൊടി എടുത്തു മാറ്റി. ഇതിനു ശേഷം ഭാര്യ വിനോദിനിയും, മക്കളായ ബിനോയ് കൊടിയേരിയും, ബിനീഷ് കൊടിയേരിയും കുടുംബാംഗങ്ങളും എത്തി അന്തിമോപചാരം അർപ്പിച്ചു. ഇതിനു ശേഷം പാർട്ടി നേതാക്കൾ ഓരോരുത്തരായി എത്തി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു. തുടർന്ന് മക്കളായ ബിനോയിയും, ബിനീഷും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. ഇതോടെ കൊടിയേരി യുഗം എരിഞ്ഞടങ്ങി..!