കോട്ടയം: ഏറ്റുമാനൂർ നഗരത്തിൽ ഏഴ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂർ മൃഗാശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ രാവിലെ ചത്തിരുന്നു. തുടർന്ന് മൃതദേഹം തിരുവല്ലയിലെ ലാബിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടോടെ പരിശോധനാഫലം നഗരസഭാ അധികൃതർക്ക് ലഭ്യമായി.
സെപ്തംബർ 28ന് വൈകിട്ട് 4 മണിയോടെയായിരുന്നു നായയുടെ ആക്രമണമുണ്ടായത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ കടിച്ച നായയെ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ പിടികൂടി കൂട്ടിലടയ്ക്കുകയായിരുന്നു. വിദ്യാർഥിയെ കൂടാതെ ലോട്ടറിവിതരണക്കാരനും ബസ് കാത്തുനിന്ന യാത്രക്കാരിയും കടിയേറ്റവരിൽ ഉൾപ്പെടുന്നു. എം.സി.റോഡിൽ പടിഞ്ഞാറെനടയിലെ തിരു ഏറ്റുമാനൂരപ്പൻ ബസ്‌ബേയ്ക്ക് സമീപത്തുനിന്നാണ് നായയെ പിടികൂടിയത്. നായുടെ കഴുത്തിൽ ബെൽറ്റ് കാണപ്പെട്ടതിനാൽ വളർത്തുനായാണെന്ന അനുമാനത്തിലായിരുന്നു അധികൃതർ. എന്നാൽ ആരും നായുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് രംഗത്ത് വന്നില്ല.