മല്ലപ്പള്ളി : എഴുമറ്റൂര്‍ – പടുതോട് ബാസ്റ്റോ റോഡ് ഒന്നിലൂടെയുള്ള വാഹന യാത്ര ദുരിതയാത്രയാകുന്നു. എഴുമറ്റൂര്‍ മുതല്‍ പടുതോടുവരെ റോഡിലെ ടാറിങ് ഇളകി കുഴികളായിട്ട് നാളുകള്‍ ഏറെയായി. ചില സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്യുമ്പോള്‍ കുഴികളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ സ്ഥല പരിചയമില്ലാതെ ഇതുവഴി വരുന്ന വാഹന യാത്രക്കാര്‍ കുഴിയുടെ ആഴമറിയാതെ കുഴികളില്‍ ചാടി അപകടത്തില്‍ പെടുന്നത് പതിവ് കാഴ്ചയാണ്.
അമിതഭാരം കയറ്റിയ നൂറുകണക്കിന് ടിപ്പറുകളാണ് രാപകല്‍ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം ഇതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റ് റോഡുകള്‍ എല്ലാം ഉന്നത നിലവാരത്തില്‍ പണിയുമ്പോള്‍ എഴുമറ്റൂര്‍ -പടുതോട് ബാസ്റ്റോ റോഡിനെ പരിഗണിക്കുന്നില്ലെന്നു ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ അറ്റകുറ്റ പണികള്‍ പോലും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാല്‍നടയാത്ര പോലും ദുസഹമായിട്ടും താലൂക്കിലെ പ്രധാന റോഡായ ഈ റോഡിനെ അധികൃതര്‍ അവഗണിക്കുകയാണ്. നിരവധി സമരങ്ങള്‍ക്കും വഴി തടയലിനു ശേഷമാണ് വല്ലപ്പോഴും അറ്റകുറ്റ പണികള്‍ക്കുപോലും ബന്ധപ്പെട്ടവര്തയ്യാറാകുന്നത്. എഴുമറ്റൂര്‍ പടുതോട് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.