പാലക്കാട് : തങ്കം ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെയും കുഞ്ഞിനെയും മരണത്തിൽ ആശുപത്രിക്ക് പിഴവ് പറ്റി എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടുന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ആശുപത്രിക്കെതിരെയുള്ള നടപടികൾ അടക്കം, റിപ്പോർട്ട് വിലയിരുത്തിയ ശേഷം ആരോഗ്യവകുപ്പ് സ്വീകരിക്കും. ഐശ്വര്യയുടെ ബന്ധുക്കളുടെ പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐശ്വര്യയെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരെയും വിളിച്ചുവരുത്തി മൊഴിയെടുത്ത പൊലീസ് തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർമാരായ, പ്രിയദർശിനി അജിത്, നിള എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തുടർന്ന് മൂവരേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മെഡിക്കൽ ബോർഡ് കണ്ടെത്തലുകളെ ഐശ്വര്യയുടെ കുടുംബം സ്വാഗതം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. ജൂലൈ നാലിന് അമിത രക്തസ്രാവത്തെ തുടർന്ന് ഐശ്വര്യയും മരണത്തിന് കീഴടങ്ങി. ഇതോടെ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. ഐശ്വര്യയെ ഒൻപതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല, പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു.