കൊച്ചി: കോട്ടയത്ത് മാമ്പഴം കട്ട് പൊലീസിനാകെ മാനക്കേടും, നാണക്കേടുമായി തലയിൽ മുണ്ടിട്ട് നടക്കുന്നതിനിടെ പൊലീസിന്റെ അഭിമാനം വാനോളമുയർത്തി പള്ളുതുരുത്തിയിൽ ഒരു കാക്കിധാരി. ഒന്നര ലക്ഷത്തോളം രൂപ കൺമുന്നിൽ കണ്ടിട്ടും , മാമ്പഴക്കള്ളനെപ്പോലെ എല്ലാം പോക്കറ്റിലാക്കണമെന്ന് ആഗ്രഹിക്കാതിരുന്ന പള്ളുരുത്തിയിലെ ആ പൊലീസുകാരൻ ഉടമയ്ക്ക് തിരികെ നൽകിയ തുക എത്രയാണ് എന്നറിയുമ്പോഴാണ് മഹത്വം ഏറുന്നത്. വഴിയിലെ ബാഗിൽ കിടന്ന 1.34 ലക്ഷം രൂപയാണ് ഈ പൊലീസുകാരൻ തിരികെ ഉടമയ്ക്ക് നൽകിയത്.
പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ ഷാരോൺ പീറ്ററാണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെ എല്ലാവരുടെയും മനം കവർന്നത്. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റോഡരികിലെ കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച കേസിൽ പൊലീസുകാരൻ പ്രതിയായി ദിവസങ്ങൾക്ക് ഉള്ളിലാണ് ഷാരോണിന്റെ പ്രവർത്തനം മാതൃകയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്കിടെ സ്റ്റേഷൻ അതിർത്തിയിലെ കുമ്പളങ്ങി വഴിയിൽ പ്രധാന റോഡിൽ നിന്നാണ് ഷാരോണിന് ബാഗ് ലഭിക്കുന്നത്. റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെത്തിയത്. തുടർന്നു ഷാരോൺ ഈ ബാഗ് സ്റ്റേഷനിൽ തന്നെ ഏൽപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ റോഡിനു സമീപത്ത് തന്നെ ക്ലിനിക്ക് നടത്തുന്ന ഡോക്ടറുടെ ബാഗായിരുന്നു ഇത്. ഡോക്ടർ നിയാസിന്റെ പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. ക്ലിനിക്കിൽ നിന്ന് സാധനങ്ങൾ ഓരോന്നായി പുറത്ത് എടുത്ത് റോഡിൽ വച്ച ശേഷം ഇത് കാറിനുള്ളിലേയ്ക്കു കയറ്റി വയ്ക്കുകയായിരുന്നു ഡോക്ടർ. ഇതിനിടെയാണ് ബാഗ് റോഡിൽ വച്ച് ഡോക്ടർ മറുന്നു പോയത്. തുടർന്നു ഡോക്ടർ പോയെങ്കിലും രാത്രി പെട്രോളിംങിനായി എത്തിയ പൊലീസ് സംഘമാണ് റോഡിൽ ഇരിക്കുന്ന ബാഗ് കണ്ടെത്തിയത്.
ബാഗ് തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നമ്പർ ലോക്കായതിനാൽ സാധിച്ചില്ല. തുടർന്ന് സ്റ്റേഷനിലെത്തിച്ച് പിറ്റേന്ന് രാവിലെ ബലം പ്രയോഗിച്ച് തുറന്നതോടെയാണ് ഇത് ഡോക്ടറുടെ ബാഗാണെന്നും, ഇതിനുള്ളിൽ പണമുണ്ടെന്നും കണ്ടെത്തിയത്. തുടർന്നു ഡോക്ടറെ കണ്ടെത്തി പണം കൈമാറുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നിർദേശ പ്രകാരമാണ് പണം കൈമാറിയത്.