വൈക്കം : വൈക്കം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു സർക്കാർ ഉത്തരവായി. വൈക്കം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അന്തർദേശീയ നിലവാരത്തിലാക്കിയതോടെ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണമെന്ന ജനകീയ വികാരം മാനിച്ചാണ് സർക്കാർ തീരുമാനം. ഇതോടെ സ്കൂൾ ഇനിമുതൽ വൈക്കം തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടും.അടുത്ത അധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. വിശ്വ സാഹിത്യകാരൻമാരായ തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ള പ്രമുഖർ അധ്യയനം നടത്തിയ സ്കൂളാണ് വൈക്കം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. കേരളത്തിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലൊന്നാണിത്. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂളായി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ മാറ്റുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു. സ്കൂളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 1.6 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അത് വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും സി.കെ ആശഎംഎൽഎപറഞ്ഞു.