വത്തിക്കാന്‍: പുരോഹിതരും കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണുന്നുണ്ടെന്നും ഇത് അപകടമാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇത്തരം പ്രവണതകള്‍ വൈദിക ഹൃദയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വത്തിക്കാനില്‍ നടന്ന ഒരു പരിപാടിയിലെ സംവാദത്തിനിടെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകള്‍ എങ്ങനെ ഉപയോഗിക്കണം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
നിരവധി പേരാണ് ഇന്ന് അശ്ലീല വീഡിയോകള്‍ കാണുകയെന്ന ദുര്‍വൃത്തിയിലേര്‍പ്പെടുന്നെന്നും അതില്‍ പുരോഹിതന്‍മാരും കന്യാസ്ത്രീകളും വരെ ഉള്‍പ്പെടുന്നെന്നും ഇത്തരം ദുശ്ശീലങ്ങള്‍ തിന്മയുടെ പ്രവേശനത്തിന് കാരണമാകുമെന്നും മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ മീഡിയയും ഉപയോഗിക്കാം, എന്നാല്‍ അതിന് വേണ്ടി ധാരാളം സമയം ചിലവഴിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. യേശുവിനെ പ്രാര്‍ത്ഥിക്കുന്ന ശുദ്ധ ഹൃദയത്തിന് ഒരിക്കലും ഇത്തരത്തിലുളള അശ്ലീല വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.