കോട്ടയം: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ ബസ് സ്റ്റാൻഡിനുള്ളിൽ കയറി സിപിഐ നേതാവ് മർദിച്ചു. കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലെ ഡ്രൈവർ സാജൻ തോമസിനാണ് മർദനമേറ്റത്. സംഭവത്തിൽ സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി സുഗേഷിനെതിരെ സാജൻ തോമസ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡ്രൈവറെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ കെഎസ്ആർടിസി സർവീസ് മുടങ്ങുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അനുപമ തീയറ്ററിനു മുന്നിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കൊട്ടാരക്കര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കോട്ടയം സ്റ്റാൻഡിലേയ്ക്കു വരികയായിരുന്നു. ഈ സമയം മുന്നിൽ ഒരു കാറുണ്ടായിരുന്നു. ഈ കാർ സൈഡ് നൽകാതെ വന്നതോടെ ഹോട്ടൽ അർക്കാഡിയയ്ക്കു മുന്നിൽ വച്ച് ഇടത് വശത്തു കൂടി കാറിനെ ബസ് മറികടന്നു. തുടർന്നു സ്റ്റാൻഡിൽ എത്തി ബസിൽ നിന്നും ആളെ ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ സുഗേഷ് സാജനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റാൻഡിനുള്ളിൽ ജീവനക്കാരും, യാത്രക്കാരും നോക്കി നിൽക്കെയാണ് ഇയാൾ എത്തിയത്. തുടർന്ന് ഡ്രൈവിംങ് സീറ്റിൽ ഇരിക്കുകയായിരുന്ന സാജനെ വലിച്ച് പുറത്തിറക്കുകയും മർദിക്കുകയും ചെയ്തു. തുടർന്നു അതിരൂക്ഷമായ ഭാഷയിൽ അസഭ്യം പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ സാജൻ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. മർദനത്തെ തുടർന്നു കൊട്ടാരക്കര സർവീസ് നടത്താൻ സാധിച്ചില്ല. സർവീസ് മുടങ്ങിയതിന് എതിരെയും പരാതി നൽകിയിട്ടുണ്ട്.