ചെന്നൈ : കോയമ്പത്തൂർ സ്ഫോടനത്തിന് മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് പൊലീസ്. പൊട്ടിത്തെറിയിൽ മരിച്ച ജമേഷ മുബീൻ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്പ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഈ വിവരങ്ങൾ ഉള്ളത്. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ദേശീയ അന്വേഷണ ഏജൻസി രേഖപ്പെടുത്തിയേക്കും.
ജമേഷ മുബീൻ കൊണ്ടുവന്ന കാർ പൊട്ടിത്തെറിച്ച സംഗമേശ്വരം ക്ഷേത്രത്തിന് സമീപത്ത് ഒരു മാസം മുൻപ് വരെ ഇയാൾ താമസിച്ചിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുബീൻ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ ഇത് സ്ഥിരീകരിച്ചുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കോയമ്പത്തൂർ സ്ഫോടനകേസിൽ പിടിയിലായ ആറുപേരും റിമാൻഡിലാണ്. കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുമുണ്ട്. അന്വേഷണം ആരംഭിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്.
അതിനിടെ ബി ജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വിമർശനങ്ങൾക്കെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അണ്ണാമലൈ കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് ഡിജി പിയുടെ ഓഫിസ് പ്രതികരിച്ചു. കേസ് എൻഐയ്ക്ക് കൈമാറാൻ കാലതാമസം ഉണ്ടായിട്ടില്ല. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് പൊലീസ് കേസന്വേഷണം പൂർത്തീകരിച്ചത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ് അണ്ണാമലൈ ചെയ്യുന്നതെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു.