ന്യൂഡൽഹി: ക്യൂ നിന്ന് ട്രെയിൻ ടിക്കറ്റെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ഇങ്ങനെ എടുക്കുന്ന ടിക്കറ്റ് കൈയിൽ കരുതുമ്പോൾ ചിലർക്ക് അത് വലിയൊരു പ്രശ്നമായി മാറാറുണ്ട്. യാത്രാ സമയത്ത് ചിലപ്പോൾ ടിക്കറ്റ് കൈയിൽ കരുതുന്നതടക്കമുള്ള പ്രശ്നങ്ങളാണ് അത്തരക്കാരെ അങ്കലാപ്പിലാക്കുക. ഓണ്‍ലൈന്‍ ടിക്കറ്റ് ആണെങ്കില്‍ മൊബൈലില്‍ കാണിച്ചാല്‍ മതി.
ഇനി മുതൽ പേടിക്കേണ്ട ആവശ്യമില്ല. ഇപ്പോൾ റെയില്‍വേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈനായാണ് ടിക്കറ്റ് എടുത്തതെങ്കിൽ ഐആർസിടിയിലൂടെ വെബ്സൈറ്റിൽ ലോഗ്- ഇൻ ചെയ്ത് ടിക്കറ്റ് എടുക്കാം, യാത്രക്കിടെ ടിക്കറ്റ് ചോദിക്കുമ്പോള്‍ ഇത് കാണിച്ചാല്‍ മതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിസർവേഷൻ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ആദ്യം തന്നെ ടിക്കറ്റ് ഇല്ലാത്ത വിവരം റെയിൽവേ റിസർവേഷൻ ഓഫീസിനെ അറിയിക്കണം. ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ് indianrail.gov.in അനുസരിച്ച്, റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ചതോ ആർഎസി സ്റ്റാറ്റസ് ഉള്ളതോ ആയ ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, പകരം ഒരു ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകും. ഇതിന് പ്രത്യേക ചാർജും നൽകേണ്ടി വരും.
ഇങ്ങനെ എടുത്ത ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ ആദ്യം തന്നെ റിസർവേഷൻ കൗണ്ടറിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറെ കണ്ട് വിവരം അറിയിക്കുകയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോഗിച്ച ഐഡി പ്രൂഫ് കാണിക്കുകയും ചെയ്യണം. കൺഫേം ചെയ്തതോ അല്ലെങ്കിൽ ആർഎസി സ്റ്റാറ്റസിലോ ഉള്ള ടിക്കറ്റുകള്‍ ആണോ എന്ന് ഉറപ്പു വരുത്തിയ ശേഷം അവര്‍ അതേ പിഎന്‍ആര്‍ നമ്പറുള്ള ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കോപ്പി നല്‍കും.
സെക്കൻഡ്, സ്ലീപ്പർ ക്ലാസുകളില്‍ ആണെങ്കില്‍ 50 രൂപ നൽകിയാൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും. മറ്റു ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ 100 രൂപ നൽകണം. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷമാണ് സ്ഥിരീകരിച്ച ടിക്കറ്റ് നഷ്ടപ്പെട്ട വിവരം ലഭിക്കുന്നതെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കിട്ടാന്‍ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം നല്‍കണം. കീറിയതോ വികലമായതോ ആയ ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കണമെങ്കിൽ നിരക്കിന്റെ 25 ശതമാനം റെയിൽവേ ഈടാക്കും.
ആര്‍എസി ടിക്കറ്റുകള്‍ ആണെങ്കില്‍ റിസർവേഷൻ ചാർട്ട് തയാറാക്കിയതിന് ശേഷം റെയിൽവേ ഡ്യൂപ്ലിക്കറ്റ് ടിക്കറ്റ് നല്‍കുന്നതല്ല. അതുപോലെത്തന്നെ, വെയിറ്റിങ് ലിസ്റ്റിലുള്ള കീറിയതോ വികലമായതോ ആയ ടിക്കറ്റുകൾക്കും ഡ്യൂപ്ലിക്കറ്റ് കിട്ടില്ല.
ഡ്യൂപ്ലിക്കറ്റ് ടിക്കറ്റ് എടുത്ത ശേഷം, മുന്നേ നഷ്ടപ്പെട്ടു പോയ ടിക്കറ്റ് തിരികെ കിട്ടിയാല്‍ ഉടനെ തന്നെ രണ്ട് ടിക്കറ്റുകളും ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് അധികൃതരെ കാണിക്കുക. ഇങ്ങനെയുള്ളവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് അടച്ച ഫീസ് റെയിൽവേ തിരികെ നൽകും. ഇത്തരം സാഹചര്യങ്ങളില്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനായി അടച്ച തുകയില്‍ നിന്നു അഞ്ച് ശതമാനം അല്ലെങ്കിൽ 20 രൂപയോ പിടിച്ച ശേഷം ബാക്കി തുകയായിരിക്കും തിരികെ നല്‍കുന്നത്.