തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച നടപടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതു ചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും പാർട്ടി നയമല്ലാത്തതിനാലാണ് ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ സിപിഎമ്മിൽ ധാരണയായതാണ് വിവരം.
പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ നടപടി പാർട്ടി അറിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഫോറത്തിൽ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്നും ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉൾപ്പെടെയുള്ള യുവജനസംഘടനകൾ ഉത്തരവിനെ എതിർത്ത് പ്രതിഷേധിച്ചത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സർക്കാറിൻറെ തീരുമാനത്തെ എംവി ഗോവിന്ദൻ പരസ്യമായി വിമർശിക്കുന്നത്. കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള 122 പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഉത്തരവ് മരപ്പിക്കുകയായിരുന്നു.