വൈക്കം : അഷ്ടമി ഉൽസവത്തിന്റെ കൊടിയേറ്ററിയിപ്പ് ഇന്നലെ ആചാരമനുസരിച്ച് നടന്നു. ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് ഇല്ലത്തെ വിഷ്ണുപ്രസാദ് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിലും അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും കൊടിയേറ്ററിയിച്ചു. ഗജവീരൻ ആദിനാട് സുധിഷ് ആണ് കൊടിയേറ്ററിയിപ്പിന് എഴുന്നള്ളിയത്. ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്ററിയിച്ചത്.
പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് :അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാര പ്രകാരം കൊടിയേറ്ററിയിപ്പ് നടത്തി അതാത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവ വിവരം ഔദ്യോഗികമായി ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണമെന്നുമാണ് ആചാരം.