പാലക്കാട്: പട്ടാമ്പിക്കടുത്ത് കൊപ്പത്തെ ഹർഷാദിനെ കൊലപ്പെടുത്തിയത് അതിക്രൂരമായ മർദ്ദനത്തിലൂടെയെന്ന് പൊലീസ്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും മരക്കഷണം ഉപയോഗിച്ചും ഹർഷാദിനെ ഹക്കീം മർദ്ദിച്ചു. കൊല്ലപ്പെട്ട ഹർഷാദിന്റെ അമ്മാവന്റെ മകനാണ് ഹക്കീം. പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ഹർഷാദിനെ ഹക്കീം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മർദ്ദനത്തെ തുടർന്ന് വാരിയെല്ലുകൾ തകർന്ന ഹർഷാദ്, ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹർഷാദിനെ ഹക്കീം ആശുപത്രിയിലെത്തിയത്. പിന്നീട് ഹക്കീം ഇവിടെ നിന്ന് മുങ്ങി. ഉച്ചയോടെ ഹർഷാദിന്റെ മരണം സ്ഥിരീകരിച്ചു. വൈകീട്ട് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി.ഹർഷാദിന്റെ ശരീരത്തിൽ 160 പാടുകളുണ്ടായിരുന്നു. എന്നാൽ ഹർഷാദിന് മുൻപും മർദ്ദനമേറ്റിരുന്നതായി പരിശോധനയിൽ വ്യക്തമായി. ഹർഷാദിന്റെ ശരീരത്തിലെ മുറിപ്പാടുകൾ ഇത് ശരിവെക്കുന്നു. 21 വയസുകാരനായ ഹർഷാദ് വളരെ ശാന്തനായ സ്വഭാവക്കാരനായിരുന്നു. എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു ഹക്കീം. നിസാര കാര്യങ്ങൾക്ക് ഹർഷാദിനെ ഹക്കീം മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.സ്വകാര്യ കമ്പനിയുടെ കേബിളിടുന്ന ജോലിക്കാരായിരുന്നു ഇരുവരും. നാല് മാസം മുൻപാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയത്. ഹർഷാദ് നേരത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹക്കീമാണ് ഹർഷാദിനെ നിർബന്ധിച്ച് കേബിളിടുന്ന ജോലിയിലേക്ക് കൊണ്ടുവന്നത്. ഹർഷാദ് മരിച്ചെന്ന് അറിഞ്ഞയുടൻ ബന്ധുക്കൾ ഹക്കീമിനെതിരെ സംശയം ഉന്നയിച്ചു. ആശുപത്രി ജീവനക്കാരുടെ ഇടപെടലും നിർണായകമായി. ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിൽ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് തിരിച്ചറിഞ്ഞ ഉടൻ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചിരുന്നു.