തൊടുപുഴ: മദ്യലഹരിയില്‍ തൊടുപുഴ നഗരത്തില്‍ വെച്ച് മൂന്നു പേരെ അക്രമിച്ച് ഗുരുതര പരിക്കേള്‍പ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതികളായ മുന്നംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഇവരുടെ അക്രമത്തില്‍ ഗുരുതര പരിക്കേറ്റ യുവാക്കള്‍ അപകട നില തരണം ചെയ്തു. മദ്യ ലഹരിയില്‍ രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് തുടക്കം. തര്‍ക്കത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ ഒരു സംഘത്തിലെ രണ്ടുപേര്‍ക്ക് കുത്തേറ്റു. കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷം പൊലീസ് സ്റ്റേഷനില്‍ പരാതി നില്കിയിറങ്ങിയപ്പോഴും വീണ്ടും അക്രമിക്കപ്പെട്ടു. പരാതി നല്കിയ ആളുടെ കാലിലൂടെ വാഹനം കയറ്റി.
ഇങ്ങനെ അക്രമം നടത്തിയ നേര്യമംഗലം സ്വദേശി റെനി, തൊടുപുഴ സ്വദേശികളായ ആദർശ്, നന്ദു ദീപു എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ ഇവരെ ഒളമറ്റത്തുവെച്ച് പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ വിവധി സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.കാറടിച്ച് ഗുരുതരമായി പരിക്കേറ്റ മൂവാറ്റുപുഴ സ്വദേശി ജോയൽ എബ്രഹാം എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ ഇയാളുടെ സുഹൃത്തുക്കളായ ടോണി പയസ്, നെൽവിൻ എന്നിവർ അപകട നില തരണം ചെയ്തു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിയിരുന്ന യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി സ്വദേശി ഷാൽബിൻ ഷാജഹാനാണ് പിടിയിലായത്. ഇയാള്‍ക്ക് ലഹരി മരുന്നകള്‍ നല്കുന്ന സംഘത്തെകുറിച്ച് എക്സൈസും പൊലീസും അന്വേഷണം തുടങ്ങി. കൊച്ചിയടക്കം മധ്യകേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നും ലഹരിയെത്തിക്കുന്നത് തൊടുപുഴ കേന്ദ്രീകരിച്ചാണെന്ന വിവരം പൊലീസിനും എക്സൈസിനുമുണ്ട്.