ഏറ്റുമാനൂർ: കാരിത്താസ് അമ്മഞ്ചേരി അപ്രോച്ച് റോഡ് നിർമ്മിക്കുക ബഹുജന പ്രക്ഷോഭവുമായി നാട്ടുകാർ കോട്ടയം കാരിത്താസ് റെയിവേ മേൽപാലത്തിലൂടെയുളള അപ്രോച്ച് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം ആരംഭിച്ചു.മുണ്ടകപ്പാടം – തെള്ളകം പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുളള ജനകീയ പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും, കുട്ടികളും അടക്കം ആയിരക്കണക്കിന് പ്രദേശവാസികളാണ് പങ്കെടുത്തത്.
മുണ്ടകപ്പാടം ജനകീയ സമിതി നേതൃത്വത്തിൽ അമ്മഞ്ചേരിയിൽ നിന്ന് കാരിത്താസിലേക്കായിരുന്നു വമ്പിച്ച പ്രകടനം നടന്നത്. തീവണ്ടി പാത മുറിച്ച് കടന്നുള്ള നിർദ്ദിഷ്ട അപ്രോച്ച് റോഡ് പദ്ധതി പ്രദേശത്തിലൂടെയായിരുന്നു സമരക്കാരുടെ പ്രകടനം നടന്നത്. തുടർന്ന് നടന്ന ധർണ ഫാ ജയിംസ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.മുൻ എം.പി പി.സി തോമസ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജിതടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ഡോ.റോസമ്മ സോണി, അഡ്വ. പ്രിൻസ് ലൂക്കോസ് തുടങ്ങിയവരും പങ്കെടുത്തു.