കോട്ടാങ്ങല്‍: ഭരണപരാജയം മറയ്ക്കാനുള്ള പൊറട്ടു നാടകം മാത്രമാണ് പ്രതിപക്ഷം വികസനം അട്ടിമറിക്കുന്നു വെന്നുള്ള എല്‍.ഡി.എഫ് ആരോപണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപിയും യുഡിഎഫും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച എല്‍ഡിഎഫ് കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതവും അധികാരത്തില്‍ വന്ന് 7 മാസമായിട്ടും പഞ്ചായത്തിലെ ജനോപകാരപ്രദമായ യാതൊന്നും ചെയ്യാന്‍ സാധിക്കാത്ത പ്രസിഡന്റും ഭരണപക്ഷവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തിയ പ്രസ്താവനയാണിത്.
ലൈഫ് മിഷന്‍, പെട്രോള്‍ പമ്പ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, ഒടുവില്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വരെ അമ്പെ പരാജയപ്പെട്ട ഭരണസമിതിയുടെ പൊറാട്ടുനാടകമാണ് ഈ പ്രസ്താവന. 11ന് പഞ്ചായത്തില്‍ നടന്ന അടിയന്തര കമ്മിറ്റിയില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും അജണ്ടകള്‍ എല്ലാം തന്നെ പാസാക്കുകയും ചെയ്തതാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം അടിസ്ഥാനരഹിതമായ വാര്‍ത്ത മാധ്യമങ്ങളില്‍ കൊടുത്ത ഇടതുപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയ പാപ്പരത്തവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി പഞ്ചായത്ത് കോര്‍കമ്മിറ്റിയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ദീപ്തി ദാമോദരന്‍ അഭിപ്രായപ്പെട്ടു. ബിജെപി കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍ കോട്ടാങ്ങല്‍, ജനപ്രതിനിധികളായ സി ആര്‍ വിജയമ്മ, അഖില്‍ അഞ്ചു സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.