രാജാക്കാട്: പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളിൽ ശ്യാംലാൽ (28) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 4 ന് ശ്യാംലാൽ സുഹൃത്തുക്കളായ അമൽ ദേവസ്യ, അഭിജിത്ത് എന്നിവർക്കൊപ്പം കള്ളി മാലി വാരിയാനിപ്പടിക്കു സമീപം ഡാമിൽ കുളിക്കാനെത്തിയതാണ്. കുളിക്കുന്നതിനിടെ മൂവരും അവിടെയുണ്ടായിരുന്ന വള്ളത്തിൽ കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി. ഇതിനിടെ വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ അമലും അഭിജിത്തും നീന്തി കര കയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല. രാജാക്കാട് പൊലിസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തിൽ പരിശോധന നടത്തി. ശ്യാംലാലിനെ കണ്ടെത്താൻ കഴിയാത്തതിനാൽ 7 ന് തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.