തിരുവനന്തപുരം: ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ അഴിമതിക്കാരെ കെണിയൊരുക്കി പിടിയിലാക്കിയതിന്റെ റെക്കോഡുമായി സംസ്ഥാന വിജിലന്‍സ്.ഈ വര്‍ഷം നവംബര്‍ 14 വരെ 42 ട്രാപ്പ് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. 2015 മുതലുള്ള കണക്കുകളില്‍ ഇത് സര്‍വകാല റെക്കോഡാണ്. ഈ വര്‍ഷം തീരാന്‍ ഇനിയും ഒരു മാസം ബാക്കി നില്‍ക്കെ ഇത് വര്‍ധിക്കാനാണ് സാധ്യത.
രഹസ്യാന്വേഷണവും വിവരശേഖരണവും ശക്തിപ്പെടുത്തിയതിലൂടെയാണ് ഇത്രയും ട്രാപ്പ് കേസുകളുണ്ടായത് എന്നാണ് വിലയിരുത്തല്‍. മനോജ് എബ്രഹാം ഐ പി എസ് വിജിലന്‍സ് ഡയറക്ടറായി ഈ വര്‍ഷം ചുമതലയേറ്റതോടെ ആണ് സംസ്ഥാനത്തെ അഴിമതി വിരുദ്ധ രംഗത്ത് വലിയ മാറ്റമുണ്ടായിരിക്കുന്നത്. ‘അഴിമതി രഹിത കേരളം’ കെട്ടിപ്പടുക്കുന്നതിനുള്ള വിജിലന്‍സ് ദൗത്യം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും അടിത്തട്ടില്‍ നിന്ന് അഴിമതി തടയുന്നതിനായി മനോജ് എബ്രഹാം ക്രിയാത്മകമായ നടപടികള്‍ ആരംഭിച്ചു.