തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. ഓംബുഡ്സ്മാന്റെ കത്തിന് മറുപടി നല്‍കിയതിന് പിന്നാലെ ഹൈക്കോടതിക്കും കോര്പ്പറേഷന് രേഖാമൂലം വിശദീകരണം നല്‍കും. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കോര്പ്പറേഷന് മുന്നില്‍ ഇന്നും തുടരും.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മേയറുടെ മൊഴി എടുത്തിരുന്നെങ്കിലും കേസെടുത്ത പശ്ചാത്തലത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡി. ആര് അനിലിന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴികളും ഉടന്‍ രേഖപ്പെടുത്തും.മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും എടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടറും വാട്സാപ്പിലൂടെ പ്രചരിപ്പിച്ച ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍ ഇവ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. കത്ത് ആദ്യം ഷെയര്‍ ചെയ്യപ്പെട്ട വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. വിശദീകരണം ആവശ്യപ്പെട്ട് ഓംബുഡ്സ്മാന് നല്കിയ കത്തിന് കോര്പ്പറേഷന് ഇന്നലെ മറുപടി നല്‍കിയിരുന്നു.