തിരുവനന്തപുരം : എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. കോടതി മുന്‍കൂര്‍ ജാമ്യം നവ്യക്ക് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശ പ്രകാരമാണ് നവ്യ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്.
ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം ചുമത്തിയാണ് സുഹൈലിനെയും നവ്യയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. സുഹൈല്‍ വിദേശത്താണെന്നാണ് വിവരം. എ.കെ.ജി സെന്റര്‍ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന് ഉപയോഗിച്ചിരുന്ന ഡിയോ സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്കൂട്ടര്‍ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്കൂട്ടര്‍ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ ദിവസം ഗൗരിശപട്ടത്തെത്തിച്ച് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ നവ്യ ജിതിന് സ്കൂട്ടര്‍ കൈമാറിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.