കോട്ടയം: നഗരത്തിന്റെ തലപ്പൊക്കമായ പബ്ലിക്ക് ലൈബ്രറി വൻ ആഘോഷത്തിനൊരുങ്ങുന്നു. പബ്ലിക്ക് ലൈബ്രറിയുടെ 140 ആം വാർഷികവും പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ നവതി ആഘോഷവുമാണ് നടക്കുക. നവംബർ 30 മുതൽ ഡിസംബർ നാലു വരെ കോട്ടയം കെപിഎസ് മേനോൻ ഹാളിലാണ് വിവിധ പരിപാടികളോടെ ആഘോഷം നടക്കുക. ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യും. വിവിധ സെമിനാറുകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 30 മുതൽ ഡിസംബർ നാല് വരെ കെപിഎസ് മേനോൻ ഹാളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. നവംബർ 30 ന് പെരുമ്പടവം ശ്രീധരൻ, ഡിസംബർ ഒന്നിന് ഡോ.കെ.എസ് രാധാകൃഷ്ണൻ, രണ്ടിന് ഡോ.വി.പി ഗംഗാധരൻ, മൂന്നിന് . ഡോ.ജോർജ് ഓണക്കൂർ എന്നിവർ വിവിധ സെമിനാറുകളിൽ സംസാരിക്കും. ഡിസംബർ 4 ന് വൈകിട്ട് നാലിനു നടക്കുന്ന ശതാഭിഷേക സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മുപ്പത് മുതൽ നാലു വരെ വൈകിട്ട് കഥകളി , കുച്ചിപ്പുടി എന്നിവ നടക്കും. ദിവസവും 4.30 – 6.30 വരെയാണ് പ്രഭാഷണം. വൈകിട്ട് 6.30 – 8.30 കലാപരിപാടികളും അരങ്ങേറും. 25 ന് കോട്ടയം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഫാ.ഡോ.എം.പി ജോർജ് പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിനന്ദങ്ങളും ആശംസകളും പ്രസിഡന്റിനും
140 വർഷം പൂർത്തിയാക്കുന്ന ലൈബ്രറിയ്ക്കൊപ്പം ശതാഭിഷികതനാകുകയാണ് പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയായും. 40 വർഷം പ്രസിഡന്റായി നിർവഹിച്ച സേവനത്തിന് അംഗീകാരമെന്ന നിലയിലാണ് ലൈബ്രറി ഇദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിക്കുന്നത്. കോട്ടയം പൗരാവലിയും , ലൈബ്രറി സംഘാടക സമിതിയും ചേർന്നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. നവംബർ 12 ന് ചേർന്ന വാർഷിക പൊതുയോഗം ഒറ്റക്കെട്ടായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
പബ്ലിക്ക് ലൈബ്രറിയുടെ ശതാബ്ദിയക്ക് ശേഷമുള്ള 40 വർഷത്തെ ചരിത്രം എഡിറ്റോറിയൽ സഹിതം ആഘോഷ ദിവസം പ്രകാശനം ചെയ്യും. രണ്ട് വോള്യങ്ങളിലായി 800 പേജുള്ള പുസ്തകം ഡോ. മുഞ്ഞനാട് പത്മകുമാറും , രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് തയ്യാറാക്കുന്നത്. പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേകം സംബന്ധിച്ച് സുവനീർ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ സുവനീറിൽ 42 ഓളം വിശിഷ്ട വ്യക്തികൾ തങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പങ്കു വയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ,
ഒൻപത് മതമേലധ്യക്ഷന്മാർ , രാഷ്ട്രീയ നേതാക്കൾ എന്നിവർ സുവനീറിൽ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തു.
പബ്ലിക്ക് ലൈബ്രറിയുടെ ചരിത്രം
1882 ൽ ദിവാൻ പേഷ്കാർ ടി.രാമരായരാണ് കോട്ടയം പബ്ലിക്ക് ലൈബ്രറിയ്ക്കു തുടക്കമിട്ടത്. ജില്ലയുടെ തല സ്ഥാനം ചേർത്തലയിൽ നിന്നും കോട്ടയത്തേയ്ക്കു മാറ്റിയപ്പോഴാണ് ഒപ്പം ലൈബ്രറി കൂടി കോട്ടയത്ത് ആരംഭിച്ചത്. 1887 ൽ രാമരായർ തിരുവതാംകൂർ ദിവാനായി മാറും വരെ ഇദ്ദേഹം നേരിട്ട് തന്നെയാണ് പബ്ലിക്ക് ലൈബ്രറിയ്ക്കു മേൽനോട്ടം വഹിച്ചത്. 1982 ലാണ് പബ്ലിക്ക് ലൈബ്രറിയുടെ ശതാബ്ദി ആഘോഷം നടന്നത്. കേരള ഗവർണർ പി.രാമചന്ദ്രനായിരുന്നു ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. അതിനു മുൻപുള്ള അഞ്ചു വർഷം ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു എബ്രഹാം ഇട്ടിച്ചെറിയ ഇതേ വർഷമാണ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തത്.
ഇതിനു ശേഷമാണ് കോട്ടയം പബ്ലിക്ക് ലൈബ്രറി ഇതുവരെയില്ലാത്ത ഉയരങ്ങൾ കീഴടക്കിയത്. രണ്ടു നിലകളിലായി പ്രധാന കെട്ടിടം ഉയർന്നതും. മൂന്നു നിലകളിൽ രണ്ടു ബ്ലോക്കുകൾ കൂടി അധികമായി നിർമ്മിച്ചതും ഈ കാലത്താണ്. കെ.പി.എസ് മേനോൻ ഹാൾ നിർമ്മിച്ചതും, വിവിധ ചടങ്ങുകൾ നടത്തുന്നതിനായി രണ്ട് മിനി ഹാളുകൾ നിർമ്മനിച്ചതും ഈ സമയത്ത് തന്നെയാണ്. ഇത് കൂടാതെയാണ് 32 അടി ഉയരത്തിൽ 62 ലക്ഷം രൂപ മുടക്കി ലോകപ്രശസ്ത ശില്പി കാനായിക്കുഞ്ഞിരാമന്റെ മേൽനോട്ടത്തിൽ ഇവിടെ അക്ഷര ശില്പം നിർമ്മിച്ചത്. ഇതിനു ചുറ്റിലും രാമറാവു ഗാർഡൻ എന്ന പേരിൽ 51 ഇനം അത്യപൂർവമായ വൃക്ഷങ്ങളും സസ്യങ്ങളും നിറഞ്ഞ ബൊട്ടാണിക്കൽ ഗാർഡനും പരിപാലിച്ചു പോരുന്നു. ഈ ബൊട്ടാണിക്കൽ ഗാർഡനിലാണ് സഹസ്രദള പത്മം വിടർന്നു നിൽക്കുന്ന അത്യപൂർവ താമരക്കുളമുള്ളത്.
സംസ്ഥാനത്തെ മറ്റൊരു ലൈബ്രറിയ്ക്കും അവകാശപ്പെടാനില്ലാത്ത മറ്റൊരു അത്യപൂർവമായ നേട്ടം കൂടി കോട്ടയം പബ്ലിക്ക് ലൈബ്രറിയ്ക്കു സ്വന്തമായുണ്ട്. 16 ലക്ഷം രൂപ മുടക്കി നിർമ്മിച്ച സൗരോർജ പ്ലാന്റിൽ നിന്നാണ് ഇപ്പോൾ ലൈബ്രറിയിലെ മുഴുവൻ വൈദ്യുത ഉപകരണങ്ങളും തെളിയുന്നത്. 100 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ഇവിടെ നിന്നും 50 യൂണിറ്റ് സർക്കാരിന്റെ ഗ്രിസ്സിലേയ്ക്കു നൽകുന്നുണ്ട്. കൂട്ടിക്കൽ പ്രളയത്തിൽ വീട് നഷ്ടമായവർക്കായി ലൈബ്രറി 1.50 ലക്ഷം രൂപയാണ് ചിലവഴിച്ചത്. സ്കൂൾ കുട്ടികൾക്കുള്ള സഹായവും, മറ്റ് ലൈബ്രറികളുടെ നവീകരണത്തിനുള്ള തുകയും കോട്ടയം പബ്ലിക്ക് ലൈബ്രറി നൽകുന്നുണ്ട്. രണ്ട് ലൈബ്രറികൾക്ക് 800 പുസ്തകങ്ങളാണ് സമ്മാനിച്ചത്.
രണ്ട് ലക്ഷം പുസ്തകങ്ങളാണ് കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ വായക്കാരെ കാത്തിരിക്കുന്നത്. 40000 പുസ്തകങ്ങൾ അടങ്ങിയ റഫറൻസ് സെക്ഷനും ഇവിടെയുണ്ട്. ഒരേ സമയം 30 പേർക്ക് ഗവേഷണം നടത്താൻ സാധിക്കുന്ന ഗവേഷണ വിഭാഗവും ലൈബ്രറിയ്ക്കു മുതൽക്കൂട്ടാണ്. നിലവിൽ 5500 അംഗങ്ങളാണ് ലൈബ്രറിയ്ക്കുള്ളത്. ന്യൂസ് പേപ്പർ ഗസറ്റ് അർക്കേവ്സും അടക്കമുള്ള ലൈബ്രറിയുടെ സ്വത്തുക്കൾ പരിപാലിക്കുന്നത് 16 ജീവനക്കാർ ചേർന്നാണ്. ആനത്താനത്തെയും കാഞ്ഞിരത്തെയും രണ്ട് ഗ്രാമീണ വായനശാലകൾ നിർമ്മിച്ച് നടത്തുന്നതും പബ്ലിക്ക് ലൈബ്രറിയുടെ മികവിന്റെ ഉദാഹരണങ്ങളാണ്. സാക്ഷരതയ്ക്കും മലയാള ഭാഷയ്ക്കും ഏറെ സംഭാവന നൽകിയ പി.എൻ പണിക്കരുടെ സ്മരണ നിലനിർത്തുന്നതിനായി അഞ്ചു ലക്ഷം രൂപ മുടക്കി ഇദ്ദേഹത്തിന്റെ നീലംപേരൂരിലെ ജന്മഗൃഹം നവീകരിക്കുന്നതിനും ലൈബ്രറിയുടെ പൊതുയോഗം തീരുമാനിച്ചു.
പരിപാടികൾ ഇങ്ങനെ
സംഘാടക സമിതി ജനറൽ കൺവീനർ ഫാ.ഡോ.എം.പി ജോർജ് , എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി വിജ കുമാർ , ആക്ടിങ്ങ് സെക്രട്ടറി ഷാജി വേങ്കടത്ത് , ആഘോഷകമ്മിറ്റി കൺവീനർ വി.ജയകുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.