പത്തനംതിട്ടയല്ലിത്, ചിറാപുഞ്ചി; ദുരിതപ്പെയ്ത്തിനിടയിലും ചിരിയും ചിന്തയും പകര്‍ന്ന് ട്രോളുകള്‍

തിരുവല്ല: 2018 ലെ പ്രളയം മുതല്‍ ഇങ്ങോട്ട് പത്തനംതിട്ടയ്ക്ക് തീരാദുരിതമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെയും അലേര്‍ട്ടുകളുടെയും മാത്രമാണ് നാടെങ്ങും കേള്‍ക്കുന്നത്. എന്നാല്‍ ചിരിയിലൂടെ ചിന്തയ്ക്ക് വഴിവെക്കുകയാണ് ജില്ലയിലെ ട്രോളന്മാര്‍. പത്തനംതിട്ടയിലെ മഴക്കെടുതികള്‍ ട്രോള്‍ രൂപത്തില്‍ പിറന്നപ്പോള്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

Advertisements

അതേസമയം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 1901 മുതലുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതിനായി പഠനവിധേയമാക്കിയത്. ഏറ്റവും കൂടുതല്‍ മഴ പെയ്ത ഒക്ടോബറില്‍ 589.9 മില്ലിമീറ്റര്‍ മഴ ലഭിച്ചതായും കേന്ദ്രം വ്യക്തമാക്കുന്നു. 1999 ഒക്ടോബറില്‍ പെയ്ത 566 മില്ലിമീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് കണക്ക്. ഇതാണ് ഈ വര്‍ഷം ഒക്ടോബറോടെ തിരുത്തിക്കുറിച്ചത്. ഒക്ടോബറില്‍ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ഒക്ടോബര്‍ ആദ്യം മുതല്‍ ഡിസംബര്‍ കഴിയുന്നത് വരെ തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് ശരാശരി 491.6 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഒക്ടോബര്‍ മാസം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പ്രതീക്ഷിച്ച മുഴുവന്‍ മഴയും ലഭിച്ചെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ പത്തനംതിട്ട ട്രോളുകള്‍ കാണാം;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാന്നി അടക്കമുള്ള പ്രദേശങ്ങള്‍ 2018ലെ പ്രളയത്തില്‍ നിന്ന് കരകയറി വരുന്നതിനിടയിലാണ് വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉള്‍പ്പെടെ നിലനില്‍ക്കുന്നത്. മല്ലപ്പള്ളിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ മഴക്കെടുതി അപ്രതീക്ഷിതമായിരുന്നു. അടൂരടക്കമുള്ള മേഖലകളിലും ഇത്തവണ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നത് ആശങ്കയ്ക്ക് വഴി വച്ചിട്ടുണ്ട്.
ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദിതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്നും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിതാമസിക്കാന്‍ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകണം.

Hot Topics

Related Articles