പത്തനംതിട്ട: അടൂര്‍ ഏനാദിമംഗലം മരുതിമൂട്ടില്‍ ലക്ഷങ്ങളുടെ കൃഷിനാശം. ശക്തമായ മഴയില്‍ മലയില്‍ നിന്നുള്ള മണ്ണിടിഞ്ഞതോടെ പ്രദേശത്തെ റബ്ബര്‍മരങ്ങള്‍ കടപുഴകി തോട്ടിലെത്തി. ഇതോടെ തോടിന്റെ ഒഴുക്ക് ഗതിമാറി സമീപ പ്രദേശത്തെ പാടത്ത് കൂടി വഴിതിരിഞ്ഞു. തോടുകള്‍ പാടത്ത് കൂടി ഒഴുകാന്‍ തുടങ്ങിയതോടെ ആറ് ഒഴുകുന്ന പ്രതീതിയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണൊലിപ്പ് തടയാന്‍ പാറക്കഷ്ണങ്ങള്‍ ഉപയോഗിച്ച്് തീര്‍ത്ത പ്രതിരോധവും ഒഴുകിപ്പോയി. കിണറുകളും തോടുകളും നിറഞ്ഞ് കവിഞ്ഞ നിലയിലാണ്. പലയിടത്തും സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെ ഒഴുക്കില്‍പ്പെട്ടത് ആശങ്കയ്ക്ക് വഴിവച്ചു. ഇതോടെ എലിപ്പനിയ്ക്ക് പുറമേയുള്ള രോഗങ്ങളെയും ഭയന്ന് കഴിയുകയാണ് നാട്ടുകാര്‍.
അതേസമയം, പത്തനംതിട്ട നഗരത്തില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. കിഴക്കന്‍ മേഖലയില്‍ നിന്നെത്തുന്ന മലവെള്ളവും ശക്തമായി തുടരുന്ന മഴയും കാരണം നഗരം ഉടന്‍ വെള്ളത്തിലാകുമെന്ന ആശങ്കയുണ്ട്. വടശ്ശേരിക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇന്നലെ ഏറ്റവുമധികം ജലനിരപ്പ് ഉയര്‍ന്നത് അടൂരിലാണ്. അടൂര്‍ മുന്‍സിപ്പാലിറ്റിയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലും ഇതുവരെ കാണാത്ത രീതിയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. കൊടുമണ്‍ പ്ലാന്റേഷനിലെ മണ്ണിടിഞ്ഞതാണ് ഇതിന് കാരണം.