ചങ്ങനാശേരി: ചങ്ങനാശേരി ചെത്തിപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് തൊട്ടടുത്ത വീടിനു മുകളിലേയ്ക്കു വീണ് വൻ അപകടം. ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെങ്കിലും സമീപത്തെ വീടിന് തകർക്കാൻ പര്യാപ്തമായരീതിയിലാണ് നിർമ്മാണത്തിലിരിക്കുന്ന വീട് ഇപ്പോൾ നിൽക്കുന്നത്. ഈ വീടിന്റെ അടിത്തട്ട് ഏതാണ്ട് പൂർണമായും ഒലിച്ച് പോയതോടെ സമീപത്തെ വീട്ടിലുള്ള കുടുംബാംഗങ്ങൾ ഭീതിയിലാണ്. ചങ്ങനാശേരി ചെത്തിപ്പുഴ പുതുപ്പറമ്പിൽ വിനയൻ (ബാബു) ന്റെ വീടിനു മുകളിലേയ്ക്കാണ് അയൽവാസിയുടെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത്. വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണതോടെ വിനയന്റെ വീട്ടിലെ പട്ടിക്കൂട് തകരുകയും നായ ചത്തു പോകുകയും ചെയ്തു. വിനയന്റെ അയൽവാസിയായ ജോർജ് പുതുപ്പറമ്പിലിന്റെ വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ചെത്തിപ്പുഴയിലെ ഇവരുടെ വീടിന് മുകളിലേയ്ക്ക് സമീപവാസിയുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ഒരു വശം പൂർണമായും തകർന്ന് വീണതോടെ വിനയന്റെ കുടുംബാംഗങ്ങളും ഭീതിയിലായി. തുടർന്ന് ഇവർ പഞ്ചായത്ത് അധികൃതരെയും നഗരസഭ വില്ലേജ് അധികൃതരെയും വിവരം അറിയിച്ചു. എന്നാൽ, ഇവർ സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോർജിന്റെ വീടിന്റെ അടിത്തട്ട് ഏതാണ്ട് പൂർണമായും ഇളകിത്തെറിച്ചിരിക്കുകയാണ്. ഈ അടിത്തട്ടിൽ നിന്നും മണ്ണും വെള്ളവും പുറത്തേയ്ക്ക് ഒഴുകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ വീട് ഏതു നിമിഷവും വിനയന്റെ വീടിന്റെ പുറത്തേയ്ക്ക് മറിഞ്ഞു വീഴാവുന്ന സാഹചര്യമാണ്. എന്നാൽ, കൈക്കുഞ്ഞും മാതാപിതാക്കളും അടങ്ങുന്ന വിനയന്റെ കുടുംബത്തോടെ മാറിത്താമസിക്കാനും രണ്ടു ദിവസത്തിന് ശേഷം ചർച്ച ചെയ്തു തീരുമാനിക്കാമെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്. ഒരു കുടുംബത്തിന്റെ ജീവിതം പൂർണമായും തകർത്തു കളയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർത്തുകയാണ് നാട്ടുകാർ.