കോട്ടയം : താൻ ജീവിക്കുന്ന കാലത്തിൻറെ സങ്കടങ്ങൾ രേഖപ്പെടുത്തി വയ്ക്കുമ്പോഴാണ് ഒരു എഴുത്തുകാരൻ ജനകീയനാകുന്നതെന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140 വാർഷിക ആചരണത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണ പരമ്പരയിൽ എഴുത്തിന്റെയും വായനയുടെയും ഏകാന്ത വഴി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ കാലത്തിൻറെ സ്പന്ദനങ്ങളാണ് ഒരു എഴുത്തുകാരൻ ഭാവനയിലൂടെ സൃഷ്ടിക്കുന്നത്. ഇതാണ് സമൂഹത്തിന് തിരിച്ചറിയാൻ സാധിക്കുന്നത്. താൻ ഒരിക്കലും സാഹിത്യകാരൻ ആകുമെന്ന് കരുതിയിരുന്ന ആളല്ല. പ്രതിഫലം മോഹിച്ചല്ല താൻ എഴുതിയിരുന്നത്. എന്നാൽ ഇന്ന് താൻ എഴുത്തുകൊണ്ട് ജീവിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു.
ഇസിസി ബാംഗ്ലൂർ മുൻ ഡയറക്ടർ റവ.ഡോ. എം ജെ ജോസഫ് ചടങ്ങിൽ മോഡറേറ്റർ ആയിരുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ ഫാ.ഡോ. എം.പി ജോർജ് സ്വാഗതം ആശംസിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ സി വിജയകുമാർ നന്ദി അർപ്പിച്ചു. പരിപാടികളുടെ ഭാഗമായി ആത്മരാഗത്തിന്റെ പാടി പതിഞ്ഞ ഗാനങ്ങൾ വസന്ത ഗീതങ്ങൾ ഗാനമേളയും നടന്നു. കോട്ടയം പബ്ലിക് ലൈബ്രറി ആക്ടിംഗ് സെക്രട്ടറി ഷാജി വേങ്കടത്ത് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ ശങ്കരൻ നമ്പൂതിരി നന്ദിയും അർപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടികളുടെ ഭാഗമായി ഇന്ന് കോട്ടയം കെപിഎസ് മേനോൻ ഹാളിൽ(ഡിസംബർ 1, വ്യാഴം ) വൈകിട്ട് 4.30 ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും പിഎസ് സി മുൻ ചെയർമാനുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ കേരള നവോത്ഥാനം ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ജറുശലേ മാർത്തോമ പള്ളി വികാരി റവ. ഷിബു മാത്യു മോഡറേറ്റർ ആയിരിക്കും. കലാപരിപാടികളുടെ ഭാഗമായി വൈകിട്ട് 6 30 മുതൽ 8 വരെ ഡോ. പത്മിനി കൃഷ്ണൻ ഡോ. പ്രവീൺ എന്നിവരുടെ കുച്ചിപ്പുടിയും ഭാരതനാട്യവും നടക്കും. ഡിസംബർ 4 ന് വൈകിട്ട് നാലിനാണ് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേകാഘോഷം നടക്കുക. ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.