മല്ലപ്പള്ളി : മുൻവിരോധം കാരണം കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തി മാരകമായി മുറിവേൽപ്പിച്ച കേസിലെ പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളി രാത്രി 10.30 ന് വായ്പ്പൂർ മുസ്ലിം പള്ളിക്ക് മുന്നിലെ റോഡിലാണ് സംഭവം. എരുമേലി വടക്ക് കനകപ്പാലം മയിലുംപാറക്കൽ വീട്ടിൽ നിന്നും കോട്ടാങ്ങൽ വായ്പ്പൂർ ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന കൊല്ലൻ വിനോദ് എന്ന് വിളിക്കുന്ന വിനോദ് (46) ആണ് പിടിയിലായത്. കോട്ടാങ്ങൽ വായ്പ്പൂർ കണ്ണങ്കര വിരുത്തിയിൽ വീട്ടിൽ ഷൗക്കത്താലിയുടെ മകൻ ഷാനവാസി (42)നാണ് പ്രതിയുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്.
ഷാനവാസിന്റെ സഹോദരിയുടെ മകന്റെ കടയിൽ നിന്നും പ്രതിയെ ഇറക്കിവിട്ടതിൽ പ്രകോപിതനായാണ് പ്രതി കത്തിയുമായി ആക്രമിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട്, കഴുത്തിനു നേരേ വീശിയ കത്തി, യുവാവ് ഒഴിഞ്ഞുമാറിയതിനാൽ ചെവിയിൽ കൊള്ളുകയായിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുമ്പെട്ടി പോലീസ്, റാന്നി ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ജോബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും, എസ് ഐ പ്രഭ പി കെയുടെ നേതൃത്വത്തിൽ ചൊവ്വ രാത്രി പ്രതിയെ തുണ്ടിയപ്പറയിൽ നിന്നും പിടികൂടുകയുമായിരുന്നു. തുടർന്ന്, വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കത്തി പിന്നീട് കണ്ടെത്തി. കത്തി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പോലീസ് കൈക്കൊണ്ടു. 2003 ലെ കൊലപാതകകേസ് ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനോദ്. എരുമേലിയിൽ താമസിക്കുന്ന കാലത്താണ് ഇയാൾ കൊലക്കേസിൽ പ്രതിയായത്. തുടർന്ന് എരുമേലി, റാന്നി, പെരുമ്പെട്ടി എന്നീ പോലീസ് സ്റ്റേഷനുകളിൽ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുള്ള കൊടും ക്രിമിനലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് സി പി ഓ സുരേഷ് എ എസ്, സി പി ഓമാരായ അരുൺ കുമാർ, അജീഷ് കുമാർ, ശ്യാം പ്രകാശ്, ബിനു എന്നിവരും ഉണ്ടായിരുന്നു.