കോഴഞ്ചേരി : കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിലെ അഞ്ചാം പ്രതി കോയിപ്രം പോലീസിന്റെ പിടിയിലായി. കുറിയന്നൂർ പി ആർ ഡി മിനി നിധി ലിമിറ്റഡിന്റെ മാനേജർ കോയിപ്രം തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ വീട്ടിൽ കെ ടി ഡേവിഡിന്റെ മകൻ ഡേവിസ് ജോർജ്ജ് (64) ആണ് ഇന്നലെ വൈകിട്ട് പത്തനംതിട്ടയിൽ നിന്നും പിടിയിലായത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരുന്നു. ഒന്നു മുതൽ മൂന്നുവരെ പ്രതികളായ കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെ നേരത്തെ എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടിയിരുന്നു.
അയിരൂർ തടിയൂർ പ്രീതിവ്യൂ ഹൗസിൽ രാജ്കുമാറിന്റെ ഭാര്യ ബിനുമോൾ പല കാലയളവിലായി പി ആർ ഡി മിനി നിധി ലിമിറ്റഡ് സ്ഥാപനത്തിൽ ആകെ നിക്ഷേപിച്ച അഞ്ചെകാൽ ലക്ഷത്തോളം രൂപയുടെ പലിശയോ മുതലോ തിരിച്ചുനൽകാതെ ചതിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം, നിക്ഷേപത്തുകകൾ സംബന്ധിച്ചും, ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതിൽ, ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും ബോധ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, മറ്റ് അന്വേഷണങ്ങളെല്ലാം നടത്തിയ പോലീസ് സംഘം, പ്രതികളെ പിടികൂടുന്നതിന്, മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി വിവിധ പേരുകളിൽ പണമിടപാടും നിക്ഷേപവും നടത്തിച്ചതായും, കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം, കാലാവധി കഴിഞ്ഞും നിക്ഷേപകർക്ക് പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു. ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും, മറ്റ് ജില്ലകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായും വെളിവായിട്ടുണ്ട്.
സ്ഥാപനത്തിന്റെ ലൈസൻസ് അനിലിന്റെ പേരിലാണെന്നും റിസർവ് ബാങ്ക് ലൈസൻസ് ഇല്ലായെന്നും മറ്റും വ്യക്തമായിട്ടുണ്ട്. കോയിപ്രം പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ സ്ഥാപനത്തിനെതിരെ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ സ്വത്തു വിവരങ്ങളെപ്പറ്റിയും, നിക്ഷേപതുകകളുടെയും മറ്റും വിനിയോഗം സംബന്ധിച്ചും വിശദമായ അന്വേഷണം തുടരുകയാണ്. പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ, എസ് ഐമാരായ ഷൈജു, മധു, എ എസ് ഐ സുധീഷ്, സി പി ഓമാരായ ആരോമൽ, ഷെബി എന്നിവരാണ് ഉള്ളത്.