തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഒന്‍പതാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മഴയ്ക്കൊപ്പം ഇടിമിന്നല്‍ സാധ്യത കൂടി പ്രവചിക്കപ്പെട്ടതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കൂടി തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഇത് ചുഴലിക്കാറ്റായി ഈ മാസം എട്ടിന് രാവിലെയോടെ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്ത് എത്തിച്ചേരാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഒന്‍പതിന് കനത്ത മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം.