പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഇതിലൂടെ ഏറെ പ്രയോജനം ലഭിക്കും. അധിക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഉറപ്പ് വരുത്തിയാണ് കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സേവനം 24 മണിക്കൂറുമാക്കുന്നത്. ഒരു ഡോക്ടര്‍, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ക്ലിനിംഗ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി നിയമിക്കുന്നതാണ്. ഒരു ഡോക്ടറേയും ആശുപത്രി അറ്റന്റഡറേയും ആരോഗ്യവകുപ്പ് നികത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ ചേമ്പറില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ ഈ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രി പ്രത്യേക യോഗം വളിച്ച് അടിയന്തര തീരുമാനമെടുത്തത്.
ഫാര്‍മസിസ്റ്റിന്റെ സേവനവും ആശുപത്രിയില്‍ ലഭ്യമാക്കുന്നതാണ്. ജീവനക്കാര്‍ക്ക് താമസത്തിന് ആവശ്യമായ സ്റ്റാഫ് കോര്‍ട്ടേഴ്‌സുകള്‍ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി അറ്റകുറ്റപണികള്‍ ചെയ്ത് നല്‍കേണ്ടതാണ്. എക്‌സ് സര്‍വീസ്മാനായ ഒരു സെക്യൂരിറ്റിയെ ആശുപത്രി വികസനസമിതി വഴി നിയമിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം. അതിനാല്‍ തന്നെ ഈ ആശുപത്രിയുടെ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐപി കെട്ടിട നിര്‍മ്മാണത്തിന് അടുത്തിടെ 2.25 കോടി രൂപ അനുവദിച്ചിരുന്നു. 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം 2023 ജനുവരി മാസം 8-ാം തീയതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്‍എച്ച്എം ജില്ലാ പ്രാഗ്രാം മാനേജര്‍, ആരോഗ്യ വകുപ്പ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.