ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്ബന്നരായ ഡോക്ടർമാരാണ്, ചികിത്സ വൈകുകയോ വിദഗ്ദ്ധ ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുകയോ ചെയ്തിട്ടില്ല. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു, അപർണയ്ക്ക് നേരത്തെ തന്നെ ഹൃദയ സംബന്ധമായ അസുഖം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരം അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറി. കഴിഞ്ഞ ദിവസം അപർണയുടെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് ഗൈനക്കോളജി നിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയോട് നിർബന്ധിത അവധിയിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു, അന്വേഷണം പൂർത്തിയാകും വരെ തങ്കു തോമസ് കോശിയെ മാറ്റിനിറുത്താനാണ് കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചത്. പ്രസവസമയം അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയമിടിപ്പ് 20 ശതമാനത്തിൽ താഴെയായിരുന്നുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നത്. സംഭവത്തിൽ ഫോറൻസിക് വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജും ഡി.എം.ഇയുടെ കീഴിൽ വിദഗ്ദ്ധ സമിതിയുമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്.