ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നേരിടാന്‍ അതിക്രൂരമായ മാര്‍ഗങ്ങളാണ് ഇറാനിയന്‍ സേന സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭകാരികളായ സ്ത്രീകളുടെ മാറിടവും ജനനേന്ദ്രിയവും മുഖവും ലക്ഷ്യമാക്കിയാണ് ഇറാന് സേനയുടെ ആക്രമണങ്ങളെന്ന് പരുക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനോട് പ്രതികരിച്ചു.
പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഇറാന് സൈന്യത്തിന്റെ ആക്രമണത്തിന് വിധേയരായി ആശുപത്രികളില്‍ പ്രവേശിപ്പിച്ച പുരുഷന്മാരില് നിന്നും ക്രൂരമായിട്ടാണ് സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. പുരുഷന്മാരുടെ കാലുകൾ, പുറം എന്നിവടങ്ങളിലാണ് മുറിവുകൾ കൂടുതലായി കാണപ്പെട്ടത്. എന്നാൽ സ്ത്രീകളുടെ മാറിടത്തിലും, ജനനേന്ദ്രിയങ്ങളിലും ഒന്നിലധികം വെടിയുണ്ടകള്‍ തറച്ച നിലയിലാണ് ചികിത്സക്കായി എത്തിച്ചേർന്നതെന്ന് ഡോക്ടര്‍മാർ ചൂണ്ടിക്കാട്ടി. ആക്രമണത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും കണ്ണുകൾക്കും വെടിയേറ്റിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ രഹസ്യമായാണ് ഡോക്ടര്‍മാര്‍ പ്രക്ഷോഭകാരികള്‍ക്ക് ചികില്‍സ നൽകിയിരുന്നത്. ഇത്തരത്തില്‍ പ്രക്ഷോഭകാരികള്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നത് കണ്ടെത്തിയാല്‍ അറസ്റ്റും മറ്റു ശിക്ഷാനടപടികളും നേരിടേണ്ടിവരുമെന്നു ഭയന്നാണ് രഹസ്യമായി ജോലിചെയ്യുന്നത് എന്ന് ഡോക്ടർമാർ പ്രതികരിച്ചു.
മഹ്സ അമിനിയുടെ സദാചാര പൊലീസ് കസ്റ്റഡി മരണത്തെ തുടർന്ന് രാജ്യത്തെ പൗരോഹിത്യ ഭരണാധികാരികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലുടനീളം പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുകയാണെന്ന് അവരെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. തലമുടി ശരിയായി മറയ്ക്കാത്തതിനായിരുന്നു ഇറാനിയൻ യുവതിയെ അറസ്റ്റ് ചെയ്തത്. ‘അമിനിയെ ചികിത്സിച്ച അനുഭവം വളരെയധികം വേദനിപ്പിക്കുന്നതാണ്, അവൾ എന്റെ സ്വന്തം മകളാകുമായിരുന്നു.’ എന്നും ഡോക്ടർ പറഞ്ഞു. ഇതിനിടയിൽ ഇറാനിൽ നടന്ന പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട ഒരു പ്രകടനക്കാരന്റെ ആദ്യത്തെ വധശിക്ഷ വ്യാഴാഴ്ച ടെഹ്റാൻ ഭരണകൂടം നടപ്പാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.