വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടൽ:
ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡുകൾ തകർച്ചയിൽ

മല്ലപ്പള്ളി : വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ കാരണം ഉന്നത നിലവാരത്തിൽ ടാറിങ് ജോലികൾ പൂർത്തികരിച്ച റോഡുകളുടെ തകർച്ചക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം കോട്ടാങ്ങൽ – പാടിമൺ ജേക്കബ്സ് റോഡിൽ വായ്പ്പൂര് എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് റോഡിൽ രൂപപെട്ടത് വലിയ ഗർത്തമാണ്. മാസങ്ങൾക്ക് മുൻപ് അടങ്ങന്നൂർ പടിക്ക് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിന്റെ മധ്യത്തിൽ രൂപപ്പെട്ടത് മൂന്ന് ഗർത്തങ്ങളാണ്. പുത്തൂർ പടി മുതൽ ശാസ്താംകോയിക്കൽ വരെ ഇരുപതിലധികം സ്ഥലത്താണ് വാട്ടർ അതോറിറ്റിയുടെ വകയായി റോഡ് വെട്ടി പൊളിച്ച് കുഴികൾ എടുത്തിരിക്കുന്നത്
കാലപ്പഴക്കവും ഗുണനിലവാരവും കുറഞ്ഞ പൈപ്പുകൾ അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മർദം താങ്ങാൻ കഴിയാത്തതാണ് റോഡിൽ പൈപ്പ് പൊട്ടി ഗർത്തങ്ങൾ രൂപപ്പെടാൻ പ്രധാന കാരണം. നിരന്തരമായി ഉണ്ടാകുന്ന പൈപ്പ് തകർച്ച കുടിവെള്ള വിതരണം മുടങ്ങുന്നതിനും കാരണമാകുകയാണ്. ആയിരക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ ഒഴുകുന്നത് ജേക്കബ്സ് റോഡിലെ പ്രധാന കാഴ്ചയാണ്. കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ ഉയർത്തിയ റോഡിന്റെ തകർച്ച വേഗത്തിലാകാൻ കാരണമാകുകയാണ്. പൈപ്പ് തകർച്ച പരിഹരിക്കുന്നതിന് പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല.

Advertisements

Hot Topics

Related Articles