തിരുവനന്തപുരം : ശശി തരൂർ എം.പിയെ വിമർശിച്ച് പ്രശ്നം കൂടുതൽ വഷളാക്കരുതെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അഭിപ്രായപ്പെട്ടു. തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പരാമർശത്തിനെതിരെയും വിമർശനമുയർന്നു. അനവസരത്തിലുണ്ടായ പ്രസ്താവനയായിരുന്നു ഇതെന്നും നെഹ്റുവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും സമിതി വ്യക്തമാക്കി. പ്രസ്താവന ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
പ്രതിപപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ പല നേതാക്കളും തുടക്കത്തിലേ തരൂരിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ തരൂർ ഇതുവരെ പാർട്ടി വിരുദ്ധമായ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. തികഞ്ഞ മതേതര നിലപാടാണ് അദ്ദേഹത്തിന്റേത്. തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കാൻ കൂടുതൽ ആളുകൾ എത്തുന്നു. ഈ സാഹചര്യത്തിൽ ഭാവിയിൽ തരൂരിന് ലഭിക്കുന്ന വേദികളിൽ നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു