പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ ; കുടുങ്ങിയത് ഒരു ലക്ഷം രൂപയ്ക്ക് 1000 രൂപ എന്ന നിരക്കിൽ കൈക്കൂലി വാങ്ങുന്ന കൊള്ളക്കാരൻ: പിടിയിലായത് പത്തനംതിട്ട സ്വദേശി
കട്ടപ്പന : കരാറുകാരനിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എലപ്പാറ പഞ്ചായത്ത് സെക്രട്ടറി വിജിലൻസിന്റെ പിടിയിലായി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പത്തനംതിട്ട സ്വദേശി ഹാരിസ് ഖാൻ എമ്മിനെയാണ് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ എന്ന നിരക്കിലാണ് ഇയാൾ കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നത്. ഏലപ്പാറ പഞ്ചായത്തിലെ കരാറുകാരനിൽ നിന്നും ബിൽ പാസാക്കി നൽകുന്നതിന് പതിനായിരം രൂപ ഇയാൾ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരന്തരം കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ ശല്യം ചെയ്തതോടെയാണ് കരാറുകാരൻ വിജിലൻസിന് സമീപിച്ചത്. തുടർന്ന് വിജിലൻസ് സംഘം ബ്ലൂഫിനോഫ്തലിൽ പൗഡർ പുരട്ടിയ നോട്ട് കരാറുകാരന് കൈമാറി. ഈ പണം കൈപ്പറ്റുന്നതിനിടയാണ് ഓഫീസ് മുറിയിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസ് മുറിയിൽ ഇരുന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
വിജിലൻസ് എസ് പി വി.ജി വിനോദ് കുമാർ , ഡി വൈ എസ് പി ഷാജു ജോസ് , ഇൻസ്പെക്ടർമാരായ മഹേഷ് പിള്ള , കെ.ആർ കിരൺ , എസ് ഐ മാരായ സ്റ്റാൻലി തോമസ് , സുരേഷ് കുമാർ , സാബു , എ എസ് ഐ മുഹമ്മദ് ഇ.എ , ഷാജികുമാർ വി.കെ , സഞ്ജയ് കെ.ജി , ബേസിൽ പി ഐസക്ക് , ഷിബു കെ.ടി, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജയേന്ദ്രൻ , സിവിൽ പൊലീസ് ഓഫിസർ സന്ദീപ് ദത്തൻ , അരുൺ രാമകൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.