ഡ്രൈവർ കീ വണ്ടിയിൽ വച്ച് ശുചിമുറിയിലേക്ക് പോയി ;15കാരൻ 108ആംബുലൻസുമായി നഗരത്തിലൂടെ ഓടിയത് എട്ടു കിലോമീറ്റർ

തൃശ്ശൂർ: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരൻ ആംബുലൻസ് ഓടിച്ചു പോയി. തൃശ്ശൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനഞ്ച് വയസ്സുകാരൻ ആണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് ഓടിച്ചു പോയത്. ആശുപത്രിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെ ഒല്ലൂരിൽ വച്ചാണ് ഒടുവിൽ ആംബുലൻസ് തടഞ്ഞ് പതിനഞ്ചുകാരനെ പിടികൂടിയത്. 

Advertisements

ഒല്ലൂർ പിന്നിട്ട് ആനക്കൽ ഭാഗത്തേക്ക് തിരിഞ്ഞ ആംബുലൻസ് ഇവിടെ വച്ച് നിന്നു പോയി. ഇതോടെ വണ്ടി തള്ളാൻ പതിനഞ്ചുകാരൻ നാട്ടുകാരുടെ സഹായം തേടി. കുട്ടി ആംബുലൻസ് ഓടിക്കുന്നത് കണ്ട് നാട്ടുകാർ വണ്ടിക്ക് ചുറ്റും കൂടിയതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർ സംഭവസ്ഥലത്തേക്ക് എത്തി. പിന്നാലെ ആംബുലൻസിനേയും കുട്ടി ഡ്രൈവറേയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള മെഡിക്കൽ സർവ്വീസിൻ്റെ 108 ആംബുലൻസാണ് പതിനഞ്ചുകാരൻ ആശുപത്രി വളപ്പിൽ നിന്നും എടുത്ത് ഓടിച്ചുപോയത്. ആംബുലൻസ് ഡ്രൈവർ കീ വണ്ടിയിൽ വച്ച് ശുചിമുറിയിലേക്ക് പോയ സമയത്താണ് കുട്ടി ആംബുലൻസ് എടുത്ത് കടന്നത് എന്നാണ് വിവരം. കുട്ടി ആംബുലൻസുമായി നഗരത്തിലേക്ക് കടക്കുമ്പോൾ കിസാൻ സഭയുടെ സമ്മേളനത്തിന് ഭാഗമായി നിരവധി വണ്ടികളും ആളുകളും വന്നു കൊണ്ടിരിക്കുകയായിരുന്നു. ഭാഗ്യവശാൽ ഇവർക്ക് അപകടമൊന്നുമുണ്ടായില്ല.

30 കിലോമീറ്റർ വേഗതയിലാണ് ആംബുലൻസ് പോയത് എന്നാണ്  വിവരം. 

വീട്ടിലെ കാർ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് പതിനഞ്ചുകാരനുള്ളത് എന്നാണ് വീട്ടുകാർ പറയുന്നത്. ജില്ല ആശുപത്രിയിലെ ജീവനക്കാരിയുടെ മകൻ കൂടിയാണ് ഈ പതിനഞ്ചുകാരൻ. കുട്ടിക്ക് പതിനഞ്ച് വയസ്സ് മാത്രമേയുള്ളൂ എന്നതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ബന്ധപ്പെട്ടവരുടെയെല്ലാം വിശദമായ മൊഴിയെടുത്ത ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം. 

Hot Topics

Related Articles