പാസ്പോർട്ടിൽ വീസ പതിക്കുന്നത് യുഎഇ നിർത്തി

പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വീസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും ഉണ്ട്.രാജ്യത്തേക്കുള്ള വരവും പോക്കും എളുപ്പമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് പരിഷ്കാരം. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദുബായിൽ വീസ പതിപ്പിക്കുന്നത് നിർത്തിയത്. അതോടെ ഏത് എമിറേറ്റിലേക്കും പാസ്പോർട്ടില്ലാതെ വിമാനയാത്ര ചെയ്യാം.വീസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ വീസ പുതുക്കുന്നവർക്കും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് ലഭിക്കുക. എന്നാൽ, നിലവിൽ കാലാവധിയുള്ള വീസക്കാർക്ക് പാസ്പോർട്ട് ഉപയോഗിച്ചും യാത്രചെയ്യാം.പാസ്‌പോർട്ട് നമ്പറോ എമിറേറ്റ്‌സ് ഐഡിയോ ഉപയോഗിച്ച് എയർലൈനുകൾക്ക് യാത്രക്കാരന്റെ റസിഡൻസി സ്റ്റേറ്റസ് പരിശോധിക്കാം. മറ്റു വിദേശ രാജ്യങ്ങളിലെ എമിഗ്രേഷനിൽ പാസ്പോർട്ട് റീഡർ മുഖേന എമിറേറ്റ്സ് ഐഡി കാർഡിലെ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ യാത്രയ്ക്കും തടസ്സമുണ്ടാകില്ല.

Advertisements

Hot Topics

Related Articles