ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകള്‍ നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
അതേസമയം ബഫര്‍ സോണ്‍ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന് രൂക്ഷവിമര്‍ശനം നടത്തി. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വ്വേ നല്‍കുക. ഉപഗ്രഹ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.