ന്യൂഡൽഹി: കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തവിട്, മെയിസ് , ഗോതമ്പ്, മണിച്ചോളം എന്നീ കാർഷിക ഉൽപ്പന്നങ്ങളുടെ ചരക്ക് നീക്കം കിസാൻ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചരക്കു നീക്ക കൂലിയുടെ 50% ആനുകൂല്യം അനുവദിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ശൂന്യ വേളയിൽ സബ്മിഷനിലൂടെ ആണ് റെയിൽവേ മന്ത്രിയോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ക്ഷീരോൽപാദനക്ഷമതയിൽ ഇന്ത്യയിൽ പഞ്ചാബിന് പിന്നിൽ കേരളം രണ്ടാം സ്ഥാനത്താണ്. ഏകദേശം 378000 വരുന്ന കേരളത്തിലെ ചെറുകിട നാമമാത്ര ക്ഷീര കർഷകർ കാലിത്തീറ്റയുടെ വില വർദ്ധനവ് മൂലം വലിയ പ്രതിസന്ധിയിലാണ്. കാലിത്തീറ്റ ഉൽപാദനത്തിന് ഉപയോഗിക്കുന്ന തവിട്, മെയിസ്, മണിച്ചോളം, ഗോതമ്പ് തുടങ്ങിയ അസംസ്കൃത വസ്തുക്കൾ പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ കാലിത്തീറ്റ നിർമ്മാണ ഫാക്ടറികളിലേക്ക് പൊതുവേയും പൊതുമേഖല കാലിത്തീറ്റ നിർമ്മാണ സ്ഥാപനങ്ങളായ കേരള ഫീഡ്സ് , മിൽമ എന്നിവയിലേക്കു പ്രത്യേകിച്ചും പ്രധാനമായും ഗുഡ്സ് ട്രെയിനുകൾ വഴിയാണ് എത്തിക്കുന്നത്. ഈ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിലെ ചരക്ക് നീക്ക കൂലി വില വർദ്ധനവിലെ ഒരു വലിയ ഘാടകമാണ്. ഇന്ത്യൻ റെയിൽവേയുടെ “കിസാൻ റെയിൽ” പദ്ധതി അനുസരിച്ച് ശീതീകരിച്ച വാഗണുകളിൽ പച്ചക്കറിയും പഴവർഗ്ഗങ്ങളും കിസാൻ റെയിൽ പദ്ധതി പ്രകാരം കയറ്റി അയച്ചാൽ ചരക്കു കൂലിയിൽ 50% ഇളവ് അനുവദിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർഷി ഉൽപ്പന്നങ്ങളായ തവിട്, മെയിസ് , മണിച്ചോളം, ഗോതമ്പ് എന്നിവയും പച്ചക്കറിയും പഴവർഗ്ഗങ്ങളും എന്ന പോലെ കിസാൻ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കാലിതീറ്റയുടെ ഉൽപാദന ചെലവിലും വിലയിലും ഗണ്യമായ കുറവ് ഉണ്ടാവും. ആത്യന്തികമായി അതിന്റെ പ്രയോജനം കേരളത്തി മൂന്നേമുക്കാൽ ലക്ഷത്തിൽ അധികം വരുന്ന ചെറുകിട നാമമാത്ര ക്ഷീര കർഷകർക്കു ലഭിക്കുകയും ചെയ്യും.
ഈ കാര്യങ്ങൾ ചുണ്ടികാണിച്ച് കേരളത്തിന്റെ മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര കൃഷി മന്ത്രി വഴി റെയിൽവേ മന്ത്രിയോട് കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കിസാൻ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. തോമസ് ചാഴികാടൻ എംപി കേന്ദ്ര റെയിവേ മന്ത്രി, കൃഷി വകുപ്പ് മന്ത്രി, മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇതിനു പുറമെയാണ് എംപി സബ്മിഷനിലൂടെ ലോക്സഭയിലും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.