ന്യൂഡൽഹി; ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട് ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ്. ബഫർസോൺ വിഷയത്തിൽ കേരള സർക്കാർ വീണ്ടും ജനങ്ങളെ കബളിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. നേരത്തേ ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് 1 കീമി ബഫർ സോൺ പ്രഖ്യാപിക്കാൻ തീരുമാനമെടുത്ത കേരള സർക്കാർ വീണ്ടും തെറ്റ് ആവർത്തിക്കുകയാണ്. സുപ്രീംക്കോടതി വിധിക്കു കാരണമായതും ഈ വസ്തുതയാണ്.ഉപഗ്രഹ സർവ്വേ നടത്തി ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ബഫർ സോണിൽ പെടുത്തി, ഇപ്പോൾ വീണ്ടും സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുന്നതിന് തയ്യാറായിരിക്കുകയാണ്. ഇത് റദ്ദു ചെയ്യണം, ഫിസിക്കൽ സർവ്വേ നടത്തി ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണം. വന്യമൃഗങ്ങൾക്ക് പൂർണമായും മനുഷ്യ വാസകേന്ദ്രങ്ങളിലേക്ക് കടന്നു കയറാൻ അവസരം നൽകുന്ന ഈ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. കേരള സർക്കാർ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കുന്നില്ലായെങ്കിൽ, കേന്ദ്രം നേരിട്ട് ഫിസിക്കൽ സർവേ നടത്തുന്നതിന് പ്രത്യേക കമ്മറ്റിയെ നിയോഗിക്കണം മെന്നും എംപി ആവശ്യപ്പെട്ടു. ലോക് സഭയിൽ ശൂന്യവേളയിലാണ് പ്രശ്നമുന്നയിച്ചത്.