പത്തനംതിട്ട താഴെവെട്ടിപ്രത്തുള്ള താമസ്ഥലത്തുനിന്നും രണ്ടര കിലോയോളം കഞ്ചാവുയുമായി 5 നേപ്പാൾ യുവാക്കളെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പത്തനംതിട്ട പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. നേപ്പാൾ ബാർഡിയ ജില്ലയിലെ ബാരാരഭിയ മുനിസിപ്പാലിറ്റി യിൽ താമസം ബിപിൻ കുമാർ (20), നേപ്പാൾ കൈലാലി അതാരിയാ മുനിസിപ്പാലിറ്റി സുമൻ ചൗദരി (22), നേപ്പാൾ അതാരിയാ മുനിസിപ്പാലിറ്റി സുരേഷ് ചൗദരി (27), നേപ്പാൾ ജപ ജില്ലയിൽ മീചിനഗർ മുനിസിപ്പാലിറ്റി ഓം കുമാർ (21), നേപ്പാൾ അതാരിയാ മുനിസിപ്പാലിറ്റി ദീപക് മല്ലി (31) എന്നിവരാണ് അറസ്റ്റിലായത്. ടൗണിലെ കോഴിക്കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
ഈ പ്രദേശത്ത് ഡാൻസാഫ് സംഘം ദിവസങ്ങളായി നിരന്തരം നിരീക്ഷണം തുടർന്നുവരികയായിരുന്നു. കഞ്ചാവ് നേപ്പാളിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ചില്ലറ കച്ചവടത്തിനായി സൂക്ഷിച്ചിരുന്നതാണെന്നും ഇവർ വെളിപ്പെടുത്തി. 140 ചെറു പൊതികളിൽ സൂക്ഷിച്ച നിലയിലും, ഉണങ്ങിയ ഇലകളായുമാണ് കഞ്ചാവ് കവറുകളിൽ കണ്ടെത്തിയത്. പ്രതികളെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നർകോട്ടിക് സെൽ ഡിവൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ഡാൻസാഫ് സംഘത്തിൽ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ, ബിനു, അഖിൽ എന്നിവരും, എ എസ് ഐമാരായ പ്രകാശ്, മുജീബ്, സി പി ഓ വിഷ്ണുവും ഉണ്ടായിരുന്നു. പത്തനംതിട്ട എസ് ഐ സണ്ണിക്കുട്ടി, എ എസ് ഐ സവിരാജൻ, എസ് സി പി ഓ മുജീബ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. മദ്യ മയക്കുമരുന്നുകൾക്ക് എതിരായ റെയ്ഡുകൾ ജില്ലയിൽ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.