വിശപ്പടക്കാൻ ചോദിച്ചത് 500 രൂപ, കിട്ടിയത് 51 ലക്ഷം രൂപ
മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ലഭിച്ചത് 51 ലക്ഷം രൂപ. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടെയാണ് സുഭദ്ര എന്ന സ്ത്രീ ദിവസങ്ങൾക്ക് മുൻപ് തന്റെ മകന്റെ അധ്യാപികയോട് കടം ചോദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ആ അധ്യാപിക പണം കടം കൊടുക്കുക മാത്രമല്ല ചെയ്തത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അവർക്കുള്ള സഹായത്തിനായി അഭ്യർഥിച്ചു. പിന്നീട് ദിവസങ്ങൾക്കകം സുഭദ്രയുടെ അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപയാണ്. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായപ്രവാഹം കിട്ടിയത്.
സെറിബ്രൽ പാൾസി രോഗം ബാധിച്ച് തീർത്തും കിടപ്പിലായ 17 വയസുള്ള മകൻ ഉൾപ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. പൊട്ടി പൊളിയാറായ ചിതലരിച്ച,പാള കൊണ്ട് ചോർച്ച അടച്ച പഴകിയ വീട്ടിലാണ് താമസം.
5 മാസം മുമ്പ് ഭർത്താവ് മരിച്ചതോടെ ജീവിതം തീർത്തും ദുരിതത്തിലായി. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക.പണിക്ക് പോവാൻ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി.
മറ്റുവഴിയില്ലാതെ സുഭദ്ര 500 രൂപയ്ക്കായി വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറെ വിളിച്ചു. സുഭദ്രയ്ക്ക് ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം ടീച്ചർ സുഭദ്രയുടെ ദുരിതത്തെ കുറിച്ച് ഫെസ് ബുക്കിൽ പോസ്റ്റിട്ടു. അങ്ങനെ ഒരു വഴിയുമില്ലാതെ നിന്ന സുഭദ്രയ്ക്ക് പല വഴികളിൽ നിന്ന് സഹായമെത്തി.
ഈ പണം കൊണ്ട് പാതി വഴിയിൽ കിടക്കുന്ന സുഭദ്രയുടെ വീട് പണി പൂർത്തിയാക്കണം. മകൻ്റെ തുടർ ചികിത്സ നടത്തണം. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരിൽ നിന്നെത്തിയ കൈത്താങ്ങിൻ്റെ കരുതലിലാണ് സുഭദ്ര.