കോട്ടയം: പന്നിമറ്റത്ത് ടാർ ചെയ്തതിന്റെ പിറ്റേന്ന് തന്നെ റോഡ് കുത്തിക്കുഴിച്ച സംഭവത്തിൽ നടപടിയുമായി വാട്ടർ അതോറിറ്റി. കുത്തിപ്പൊളിച്ച റോഡ് വാട്ടർ അതോറിറ്റി തന്നെ കോൺക്രീറ്റ് ചെയ്തു നൽകുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകി. ജാഗ്രതാ ന്യൂസ് ലൈവ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളും, ട്രോൾ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയും ഇതു സംബന്ധിച്ചു വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പന്നിമ്മറ്റം ജംഗ്ഷനിൽ പരുത്തുംപാറ റോഡിൽ ടാർ ചെയ്തത്. ഇതിനു പിന്നാലെയാണ് റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി രംഗത്ത് എത്തിയത്. ഇത് വിവാദമാകുകയും നാട്ടുകാർ വീഡിയോ പകർത്തി ജാഗ്രതാ ന്യൂസ് ലൈവിനും, ട്രോൾ കോട്ടയം അടക്കമുള്ള ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്കും നൽകുകയായിരുന്നു. ഇതേ തുടർന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വിഷയത്തിൽ ഇടപെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രശ്‌നത്തിൽ ഇടപെട്ട മന്ത്രി റോഡ് അടിയന്തരമായി കോൺക്രീറ്റ് ചെയ്തു നൽകാൻ വാട്ടർ അതോറിറ്റി അധികൃതരോട് നിർദേശിച്ചു. ഇതു സംബന്ധിച്ചുള്ള പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, റോഡ് കുഴിച്ച സംഭവത്തിൽ വിശദീകരണവുമായി വാട്ടർ അതോറിറ്റിയും രംഗത്ത് എത്തി. പന്നിമറ്റത്ത് കുഴിച്ചത് ഒരു വീട്ടുകാരുടെ കണക്ഷനാണ് എന്നാണ് വാട്ടർ അതോറിറ്റി നൽകുന്ന വിശദീകരണം. റോഡിന്റെ ടാറിംങ് കഴിഞ്ഞതിന് ശേഷം ഇവിടെ ലീക്ക് വന്നതാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് റോഡിൽ ടാർ ചെയ്ത ഭാഗം കുത്തിപ്പൊളിച്ചതെന്നും ഇവർ വിശദീകരിക്കുന്നു.
എന്നാൽ, റോഡ് റോളർ ഓടിക്കുമ്പോൾ പല സ്ഥലങ്ങളിലും പൈപ്പിന് കേടുപാടുകൾ സംഭവിക്കുന്നതായി വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നു. ഈ സ്ഥലത്ത് സമ്മർദം ശക്തമാകുമ്പോൾ പൈപ്പ് പൊട്ടി വെള്ളം പാഴാകും. ഈ സാഹചര്യത്തിൽ പാലാ ബൈപ്പാസിൽ ചെയ്തതു പോലെ പൈപ്പ് ലൈൻ ഇടുന്നതിനായി പ്രത്യേകം ക്രമീകരണം ഒരുക്കണമെന്നും വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടുന്നു.