ശബരിമല: ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. പത്ത് ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും നാളെ മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. സര്‍ക്കാര്‍ രേഖയോടൊപ്പം രണ്ട് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിന് മുന്‍പെടുത്ത ആര്.ടി.പി.സി.ആര് പരിശോധനാ ഫലമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകള്‍ ഉയരുകയും ചെയ്യാതിരുന്നാല്‍ പ്രതിദിനം അന്‍പതിനായിരം ആളുകളെ പ്രവേശിപ്പിക്കാനാണ് നിലവിലെ ധാരണ.ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ദേവസ്വം നിലപാടിനൊപ്പമാണ് സര്‍ക്കാരും. ഭക്തരുടെ എണ്ണം കൂട്ടിയാല്‍ നീലിമല പാത കൂടി തുറന്ന് നല്‍കിയേക്കും. നിലവില്‍ ബുക്ക് ചെയ്ത എത്ര പേര് ദര്‍ശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബര്‍ ഒന്ന് മുതല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. നിലയ്ക്കലിലെ അസൗകര്യങ്ങള്‍ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു.