ജീവിതത്തിലുടനീളെയുണ്ടായ പ്രതിസന്ധികളെ വർണത്തിൽ ചാലിച്ച് ഹാപ്പിനെസ് ഫെസ്റ്റിവലിൽ ഹാപ്പിയായി സുരേന്ദ്രനും . കണ്ണാടിപ്പുറം സ്വദേശി സുരേന്ദ്രൻ എന്ന 49 കാരന്റെ പെയിന്റിംഗുകൾ അടക്കിവെച്ച സ്റ്റാൾ എക്സിബിഷനിലെ മുഖ്യ ആകർഷണമാണ്. കോവിഡിന്റെ വരവിനെ തുടർന്ന് നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനായതിന്റെ നിറഞ്ഞ സന്തോഷം സുരേന്ദ്രന്റെ മുഖത്ത് ദൃശ്യമാണ്. സ്‌പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന മാരകമായ രോഗം ബാധിച്ച് കിടപ്പിലായ സുരേന്ദ്രന്റെ പിന്നീടങ്ങോട്ടുള്ള പ്രയാണം അതിജീവനത്തിന്റെതായിരുന്നു.
രോഗം ശരീരത്തിന് മാത്രമാണ്, അതിന് മനസിനെ തളർത്താനാവില്ലെന്നതിന്റെ തെളിവാണ് സുരേന്ദ്രൻ ഇതിനോടകം വരച്ചും തീർത്ത ആയിരത്തോളം ചിത്രങ്ങൾ. മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ടിട്ടും ആത്മവിശ്വാസം തെല്ലുപോലും കൈവിടാതെ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. രോഗശയ്യയിൽ കിടക്കവേ, നോട്ടീസുകളുടെ പിറകിൽ തുടങ്ങിയ വര ഇന്ന് ബോൾ പെൻ അബ്സ്ട്രാക്ടുകളും കടന്ന് അക്രിലിക് പെയിന്റിംഗിന്റെ വർണ വിസ്മയ ലോകത്തിലാണ്. ജഹാംഗീറിലെ തന്റെ പ്രദർശനം കാണാനെത്തിയ വിഖ്യാത ചിത്രകാരൻ എം.എഫ്.ഹുസൈൻ വരച്ച് നൽകിയ ചിത്രം ഇപ്പോഴും നിധിപോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഇദ്ദേഹം. എതിർപ്പുകളെയെല്ലാം വകഞ്ഞു മാറ്റി തന്റെ സ്വപ്നങ്ങളുടെ പിന്നാലെ പോയപ്പോൾ രണ്ടുത്തവണ കാലിടറി വീണുപോയെങ്കിലും ആ വീഴ്ചകളെ, അറ്റുപോയ ജീവിത യാത്രയെ കൂടുതൽ കരുത്തോടെ മുറുക്കിക്കെട്ടി മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാക്കി മാറ്റി ഈ ചിത്രകാരൻ.